amit-shah

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രത്തിന് പ്രതീക്ഷിച്ച പിന്തുണ സംസ്ഥാന സർക്കാർ നൽകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുസംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അമിത് ഷാ കത്തയച്ചു.

രാജ്യത്തെ രണ്ട് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾക്ക് തിരികെ അവരുടെ സംസ്ഥാനങ്ങളിലേക്ക് പോകാൻ കേന്ദ്രം വേണ്ട സഹായങ്ങൾ ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളും അതിലുണ്ട്. എന്നാൽ 'ഗവൺമെന്റ് തിരികെ തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നില്ല. ഇത് അവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.-' ഷാ സൂചിപ്പിച്ചു.

ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. മുൻപ് കൊവിഡ്-19 രോഗബാധ തടയുന്നതിലെ കാര്യത്തിലും കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ കൊമ്പു കോർത്തിരുന്നു.

സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ മാനദണ്ഡത്തെ ചൊല്ലിയായിരുന്നു അത്. കേന്ദ്രം പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി. രോഗ നിർണ്ണയത്തിലും മറ്റും തികഞ്ഞ അശ്രദ്ധ പുലർത്തിയതിന് ബംഗാൾ സന്ദർശിച്ച കേന്ദ്രസംഘം സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.