princes-islands

ഇസ്താംബുൾ : ലോകത്തെ എല്ലാ രാജ്യങ്ങളെ പോലെ തന്നെ തുർക്കിയിലും കൊവിഡ് കനത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് തുർക്കിയിലാണ്. 135,569 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,689 പേർ മരിച്ചു.

തുർക്കിയിൽ ഏറ്റവും കൂടുതൽ രോഗികളെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തലസ്ഥാന നഗരമായ ഇസ്താംബുളിലാണ്. ഇതാദ്യമായല്ല തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബുൾ ഒരു മഹാമാരിയുടെ പിടിയിലമരുന്നത്. സി.ഇ 540 ൽ, അന്ന് ഇസ്താംബുൾ അറിയപ്പെട്ടിരുന്നത് കോൺസ്റ്റാന്റിനോപ്പിൾ എന്നായിരുന്നു. ലോകം കണ്ട ഏറ്റവും ഭീകരമായ മഹാമാരി ' ബ്ലാക്ക് ഡെത്ത് ' എന്ന പ്ലേഗ് കോൺസ്റ്റാന്റിനോപ്പിൾ നഗരത്തെ അന്ന് വിറപ്പിച്ചിരുന്നു. ദിവസവും ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീണു. 16ാം നൂറ്റാണ്ടിൽ മറ്റൊരു രോഗവും കോൺസ്റ്റാന്റിനോപ്പിളിൽ പടർന്നുപിടിച്ചതോടെ ചിലർ നഗരത്തിൽ നിന്നും പ്രിൻസ് ഐലൻഡിലേക്ക് പാലായനം ചെയ്തു. ഇസ്താംബുളിൽ നിന്നും 90 മിനിട്ട് ബോട്ട് യാത്രയിലൂടെയാണ് പ്രിൻസ് ഐലൻഡ് എന്ന കൊച്ചു ദ്വീപിലേക്കെത്തുന്നത്.

ഇപ്പോൾ മറ്റൊരു മഹാമാരി കൂടി ഇസ്താംബുൾ നഗരത്തെ പിടിച്ചു കുലുക്കുമ്പോഴും മർമറാ കടലിൽ സ്ഥിതി ചെയ്യുന്ന ഒമ്പത് ചെറുദ്വീപുകൾ ചേർന്ന ഈ ദ്വീപ് ശാന്തമാണ്. ഇസ്താംബുളിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് മനോഹരമായ ഭൂപ്രദേശം. ദ്വീപിൽ ആദ്യമായെത്തുന്നവർക്ക് തങ്ങൾ ഒരു നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ചതായുള്ള പ്രതീതിയാണുണ്ടാകുന്നത്. ഇസ്താംബുളിൽ തിരക്കിട്ടോടുന്ന കാറുകളെ പ്രിൻസ് ദ്വീപിൽ കാണാനാകില്ല. യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടെത്തുന്നവരുടെ സ്വർഗമായാണ് പ്രിൻസ് ഐലൻഡിനെ വിശേഷിപ്പിക്കുന്നത്.

ബ്യൂയൂകദാ, ഹെയ്ബെലിയദാ എന്നീ ചെറു ദ്വീപുകളാണ് പ്രിൻസ് ഐലൻഡിലെ ഏറ്റവും പ്രശസ്തമായ പ്രദേശങ്ങൾ. ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതി രമണീയമായ ദൃശ്യങ്ങളാണ് കാണാനാകുക. 19ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മരത്തടിയാൽ നിർമിതമായ വീടുകളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രൗഡി വിളിച്ചോതുന്ന വാസ്തുവിദ്യയും നമ്മെ അമ്പരപ്പിക്കും. സഞ്ചാരികൾക്ക് ഇവിടെ സൈക്കിളുകൾ ഓടിക്കുകയും നാടൻ വിഭവങ്ങൾ കഴിക്കുകയും ചെയ്യാം.

princes-islands

ബൈസാന്റയിൽ കാലഘട്ടത്തിൽ അധികാരം നഷ്ടപ്പെട്ട രാജാക്കൻമാർ ഒളിവിൽ കഴി‌ഞ്ഞിരുന്നതിനാലാണ് ഈ ദ്വീപിന് പ്രിൻസ് ഐലൻഡ് എന്ന പേര് ലഭിക്കാൻ കാരണം. പിന്നീട് ക്രിസ്റ്റ്യൻ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ ഇവിടേക്ക് ചേക്കേറി. ചരിത്രപ്രാധാന്യമുള്ള നിരവധി മതസ്മാരകങ്ങളും ഇവിടെ കാണാം. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ബ്യൂയൂകദായിലെ ആയാ യോർഗി ചർച്ച് ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമാണ്. ദ്വീപിലെ ഏറ്റവും വലിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും നോക്കിയാൽ ദൂരെ ഇസ്താംബുൾ നഗരത്തിന്റെ അതിമനോഹരമായ ദൃശ്യം കാണാം. ഹെയ്ബെലിയദായിലെ പണ്ട് ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ചിന്റെ ദൈവശാസ്ത്ര വിദ്യാലയമായിരുന്ന റൂഹ്ബൻ ഒകൂലു പൈൻമരങ്ങൾക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്നത് ഇന്നും കാണാം.princes-islands