pic

തിരുവനന്തപുരം : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസി മലയാളികളുമായി ദോഹയിൽ നിന്നുള്ള വിമാനം നാളെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ,​ പത്തനംതിട്ട,​ കോട്ടയം ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലക്കാരുമുൾപ്പെടെ 177 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുകയെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് വരുംദിവസങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 16,​000പേരെ പാർപ്പിക്കാവുന്ന ക്വാറന്റൈൻ സൗകര്യങ്ങൾ തയ്യാറായിക്കഴിഞ്ഞു. കൂടാതെ ഹോട്ടലുകളിൽ സ്വന്തം നിലയിൽ പണം മുടക്കി താമസത്തിന് തയ്യാറാകുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഒരുക്കങ്ങളും തയ്യാറെടുപ്പുകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളും ജില്ലാ ഭരണകൂടവും എയർപോർട്ട് അതോറിട്ടിയും വിലയിരുത്തിവരികയാണ്. വിമാനമിറങ്ങുന്ന യാത്രക്കാരെ സാനിട്ടൈസറുപയോഗിച്ച് കൈകൾ അണുവിമുക്തമാക്കി തെർമ്മൽ - ഫേയ്സ് ഡിറ്റക്ഷൻ കാമറകളുടെ സഹായത്തോടെ സ്ക്രീനിംഗിന് വിധേയരാക്കിയാകും വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുക. ഇവിടെ പതിനേഴോളം ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഇവരെ പരിശോധനകൾക്ക് വിധേയരാക്കും. യാത്രക്കാരുമായി ഒരുശതമാനംപോലും സമ്പർക്കമുണ്ടാകാത്ത വിധത്തിലാണ് പരിശോധനകൾ നടക്കുക.

ദോഹവിമാനത്തിന്റെ വരവിനോട് അനുബന്ധിച്ച് എയർപോർട്ട് ജീവനക്കാരെല്ലാം തികഞ്ഞ സുരക്ഷയിലാണ്. ഗ്രൗണ്ട് ക്ളിയറിംഗ് വിഭാഗം മുതൽ സെക്യൂരിറ്റി ജീവനക്കാർ‌ വരെ പിപിഇ കിറ്റുകളും മാസ്കുകളും ധരിക്കും. പ്രായമായവർ,​ ഗർഭിണികൾ,​ രോഗികൾ എന്നിങ്ങനെ മുൻഗണനാപ്പട്ടികയിലുൾപ്പെട്ടവരാണ് നാളെ വരുന്ന വിമാനത്തിൽ തിരുവനന്തപുരത്തെത്തുക. റെഡ് സോണുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നെത്തിച്ചേരുന്ന ഇവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലക്ക് മാറ്റാൻ ആംബുലൻസുകൾ,​ ടാക്സി വാഹനങ്ങൾ,​ കെ.എസ്.ആർ.ടി.സി ബസുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.