1. സംസ്ഥാനത്തിലേക്ക് കടക്കാന്‍ പാസ് ഇല്ലാത്തതിനാല്‍ നിരവധി പേര്‍ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുന്നു. കാസര്‍കോട് തലപ്പാടിയില്‍ കേരളത്തിലേക്ക് കടക്കാന്‍ ആകാതെ ആള്‍ക്കൂട്ടം. ചികിത്സാ ആവശ്യത്തിന് എത്തിയവര്‍ അടക്കം പെരുവഴിയിലാണ്. 20ലേറെ വിദ്യാര്‍ത്ഥികളും അതിര്‍ത്തി കടക്കാനാകാതെ നടുറോഡില്‍ ആണ്. സാമൂഹിക അകലം പാലിക്കാതെ ആണ് ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത്. എല്ലാവരുടെയും പക്കല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അനുവദിച്ച പാസും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ട്. പാസിനായി അപേക്ഷ നല്‍കി എങ്കിലും കേരളം അനുവദിച്ചിട്ടില്ല. പാസ് അനുവദിച്ച് കടത്തി വിടണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ല എന്നും യാത്രക്കാര്‍ആക്ഷേപം ഉന്നയിക്കുന്നു.
2. വാളയാര്‍ ചെക്‌പോസ്റ്റിലും നിയന്ത്രണം കര്‍ശനമാക്കി. പാസില്ലാത്തവരെ അതിര്‍ത്തി കടത്തിവിടുന്നില്ല. ഇന്നും നിരവധി പേര്‍ പാസില്ലാതെ എത്തി. പാസില്ലാതെ ആളുകള്‍ എത്തുന്നത് , കൃത്യമായ പാസുമായി വരുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൊവിഡ് ജാഗ്രതാ ഡൊമസ്റ്റിക് പാസില്ലാതെ ആരെയും കടത്തി വിടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ യാത്രക്കാരെ കടത്തിവിടുന്നുള്ളൂ. എമര്‍ജന്‍സി പാസ് സ്വീകരിക്കുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരില്‍ നിന്ന് മാത്രം. സര്‍ക്കാരിന്റെ യാത്രാപാസ് ഇല്ലാതെ അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് കര്‍ശന നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
3. പാസില്ലാതെ വരുന്നവരെ ഇന്നലെ വരെ അതിര്‍ത്തി കടത്തിയിരുന്നു. ചെക്ക്‌പോസ്റ്റുകളിലെ കേന്ദ്രങ്ങളില്‍ നിന്ന് പാസ് നല്‍കിയാണ് ഇവരെ കടത്തിവിട്ടത്. അനുമതി ലഭിക്കുന്നതിന് മുമ്പ് ചിലര്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ എത്തിയത് തിക്കുംതിരക്കും ഉണ്ടാക്കിയിരുന്നു. ഇതിനാലാണ് പാസ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമേ ഇനി അതിര്‍ത്തി കടക്കാനാകൂ.
4. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് മൂന്നു വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. കുവൈറ്റ്, മസ്‌ക്കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നായി 537 പ്രവാസികള്‍ എത്തും. ഇവര്‍ പുറപ്പെടുന്ന മൂന്ന് വിമാന താവളങ്ങളിലും തെര്‍മല്‍ സ്‌കാനിംഗ് പരിശോധന മാത്രമാണ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. കുവൈറ്റില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.15ന് ആണ് 177 യാത്രക്കാരുമായി ഇന്നത്തെ ആദ്യവിമാനം കൊച്ചിയിലേക്ക് പുറപ്പെടുന്നത്.
5. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് സംബന്ധിച്ച് ഇന്നലെ രാവിലെ വരെ അനിശ്ചിതത്വം ആയിരുന്നു. കുവൈറ്റ് വ്യോമയാന അധികൃതര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാത്തത് ആയിരുന്നു കാരണം. ചര്‍ച്ചകളിലൂടെ പരിഹാരം ഉണ്ടായതോടെ ഹൈദരാബാദിലേക്കും കൊച്ചിയിലേക്കും ഉള്ള വിമാനങ്ങളാണ് ഇന്ന് പുറപ്പെടുന്നത്. അതിനിടെ, കൊവിഡിനെ പ്രതിരോധിക്കാന്‍ കുവൈറ്റില്‍ നാളെ മുതല്‍ 20 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ മാത്രം 641 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 7208 ആയി. മരണം 47 ഉം.
6. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധി വാസത്തിന് കേന്ദ്ര സര്‍ക്കാരിന് മുന്നിലും പദ്ധതികളില്ല. പ്രവാസി പങ്കാളിത്തത്തോടെ നിക്ഷേപ പദ്ധതികളടക്കം പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇതുവരെ ഒന്നും ഒന്നും നടപ്പായിട്ടില്ല. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പട്ടിക വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എംബസികള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്നും വിവരം. അഞ്ച് ലക്ഷത്തോളം പ്രവാസികളാണ് കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് മാത്രം പ്രതിസന്ധിയില്‍ ആയിരിക്കുന്നത്
7. നിര്‍മ്മാണ മേഖലകളിലടക്കം വൈദഗ്ധ്യം നേടിയ നിരവധി പേര്‍ മടങ്ങി എത്തിയവരില്‍ ഉണ്ട്. ലോകത്ത് ഏറ്റവുമധികം പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണ് എന്നാണ് ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 79 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. രാജ്യത്തെ പ്രവാസ വരുമാനത്തിന്റെ 19 ശതമാനവും മലയാളികളുടേത് ആണെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നത്
8. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി. 1981 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 39,834 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,320 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 17,847 പേര്‍രോഗമുക്തി നേടിയത് ആയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു. ഇന്നലെ മാത്രം 1,089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,063 ആയി. ഇന്ന് 37 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. ഇതുവരെ 3,470 പേര്‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
9. മുംബയില്‍ രോഗികളുടെ എണ്ണം 11,967 ല്‍ എത്തി. ധാരാവിയില്‍ 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 808 ആയി. 26 പേരാണ് ധാരാവിയില്‍ ഇതുവരെ മരിച്ചത്. രോഗവ്യാപനം രൂക്ഷമായ മുംബയില്‍ സൈന്യത്തെ വിന്യസിക്കും എന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി.