pic

ന്യൂഡൽഹി: ഡിസംബർ-ജനുവരി മാസത്തിൽ നടക്കുന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനവുമായി മുന്നോട്ട് പോകാൻ ബിസിസിഐ തീരുമാനിച്ചതായി സൂചന. ആസ്ട്രേലിയയിൽ എത്തിയാൽ ടീം അംഗങ്ങൾ 14 ദിവസം ക്വാറന്റൈനിൽ പോകുന്നതിന് തയ്യാറാണെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് പുനരാരംഭിച്ച ശേഷം ഈ പരമ്പര കഴിഞ്ഞ് മറ്റ് രാജ്യങ്ങൾ ഒരു ടെസ്റ്റോ രണ്ട് ടി20 മത്സരങ്ങളോ സംഘടിപ്പിക്കുമോ എന്നും വീക്ഷിക്കുകയാണെന്നും ധമാൽ പറഞ്ഞു.

നാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാകും ഇന്ത്യ ആസ്ട്രേലിയയിൽ കളിക്കുക. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആസ്ട്രേലിയയിൽ ടി20 വേൾഡ്കപ്പ് നടക്കുന്നുണ്ട്.ഇതിനായി ഇന്ത്യൻ ടീം എത്തുന്നുണ്ട്. അഞ്ചാമതൊരു ടെസ്റ്റിനുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം ഇന്ത്യ തള്ളിയിരുന്നു.

അധവാ ട്വന്റി ട്വന്റി ലോകകപ്പ് നടക്കാത്ത സ്ഥിതിയുണ്ടായാൽ ഇന്ത്യ ടെസ്റ്റിനൊപ്പം ട്വന്റി 20 കൂടി ചേർത്ത് പരമ്പര തുടരും. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ഇന്ത്യയിൽ ക്രിക്കറ്റ് പുനരാരംഭിക്കണം എന്നാണ് ബിസിസിഐയുടെ താൽപര്യം. എന്നാൽ ലോക്‌‌ ഡൗൺ അവസാനിക്കാത്തതിനാൽ തീരുമാനമായിട്ടില്ല. ബയോ സൗഹൃദ സ്റ്റേഡിയങ്ങളും പുത്തൻ ഫോർമാറ്റുകളും വഴി ക്രിക്കറ്റിന്റെ ശക്തമായ പുനരാരംഭത്തിന് വേണ്ട ക്രമീകരണങ്ങളും ബിസിസിഐ ആലോചിക്കുന്നുണ്ട്. പരമ്പര നടന്നില്ലെങ്കിൽ ഏകദേശം 1450 കോടിയോളം രൂപയുടെ നഷ്ടം ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനുണ്ടാകുമെന്ന് മുൻപ് അവർ അറിയിച്ചിരുന്നു.