അസുൻസിയോൻ: ലാറ്റിനമേരിക്കയിൽ കൊവിഡ് ഇതേവരെ വൻതോതിൽ വ്യാപിച്ചിട്ടില്ലാത്ത രാജ്യമാണ് പരഗ്വായ്. കൊവിഡിനെ നിയന്ത്രിച്ചു നിറുത്തുന്ന തങ്ങൾക്ക് ബ്രസീലിൽ കൊവിഡ് ശക്തമായി പടർന്നുപിടിക്കുന്നത് ഭീഷണിയാകുമെന്നാണ് പരഗ്വായ് പ്രസിഡന്റ് മാരിയോ അബ്ഡോ ബെനിറ്റെസ് പറയുന്നത്. പരഗ്വായ്‌യിൽ ഇതേവരെ 563 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും അയൽരാജ്യമായ ബ്രസീലിൽ നിന്നും വന്നവരാണെന്ന് ബെനിറ്റസ് പറയുന്നു.
കഴിഞ്ഞ രണ്ട് മാസങ്ങളിലും പരഗ്വായ്‌യിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേറ്റ് ചെയ്തിരുന്നു. എന്നാൽ ബ്രസീൽ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്സ്പോട്ടായി മാറുകയായിരുന്നു. 10,000ത്തിലേറെ പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്.
ഇതേ വരെ 10,017 പേർ ബ്രസീലിൽ മരിച്ചു. 400 കിലോമീറ്റർ അതിർത്തിയാണ് ബ്രസീലും പരഗ്വായ്‌യും തമ്മിലുള്ളത്. അതിർത്തിയിൽ സാധാരണ കടുത്ത നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താറുമില്ല. എന്നാൽ ഇപ്പോൾ ബ്രസീലിൽ സ്ഥിതി രൂക്ഷമായതോടെ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചതായും ശക്തമായ സുരക്ഷാവലയം ഏർപ്പെടുത്തിയതായും ബെനിറ്റെസ് പറയുന്നു. ബ്രസീലിലെ സ്ഥിതി രൂക്ഷമാകുന്നതിനെ തുടർന്ന് ആശങ്കയറിയിക്കുന്ന തെക്കേ അമേരിക്കൻ നേതാക്കളിൽ ഒരാളാണ് ബെനിറ്റെസ്.
മുമ്പ് അർജന്റീനയുടെ പ്രസിഡന്റായ ആൽബെർട്ടോ ഫെർണാണ്ടസ് ബ്രസീലുമായുള്ള വ്യാപാര ബന്ധം അപകടത്തിലാണെന്ന് പറഞ്ഞിരുന്നു. ബ്രസീലിൽ കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ ഒന്നായ സാവോ പോളോ നഗരവുമായാണ് അർജന്റീനയുടെ തെക്കൻ പ്രദേശങ്ങൾ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
ബ്രസീലിന്റെ വടക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ വിമർശിച്ചിരുന്നു. എന്നാൽ കൊവിഡിന്റെ അപകട സാദ്ധ്യത പെരുപ്പിച്ചു കാട്ടുകയാണെന്ന് പറയുന്ന ബൊൽസൊനാരോ ബ്രസീലിൽ ലോക്ക്ഡൗണുകൾ നടപ്പാക്കിയ ഗവർണർമാരുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊമ്പുകോർക്കുന്നുമുണ്ട്.