പാറശാല: കടൽത്തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വല നെയ്തുകൊണ്ടിരിക്കെ അച്ഛനും മകനും ഇടിമിന്നലേറ്റ് തെറിച്ചുവീണു. പൊഴിയൂർ പരുത്തിയൂർ പുതുവൽ പുരയിടത്തിൽ സിൽവ എന്ന വിളിക്കുന്ന സിൽവസ്റ്റർ (44), മകൻ നിത്തു എന്ന ഇഗ്‌നേഷ്യസ് (19) എന്നിവർക്കാണ് ഇടിമിന്നലേറ്റത്. ഇന്നലെ വൈകുന്നേരം പൊഴിക്കരയിലായിരുന്നു സംഭവം.
മഴയുണ്ടായിരുന്നതിനാൽ കുട ചൂടിയാണ് ഇവർ വല നെയ്തിരുന്നത്. മിന്നലിന്റെ ആഘാതത്തിൽ കുടയും വലയുംകരിഞ്ഞുപോയി. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിനും കേടുപാടുണ്ടായി. സിൽവയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൂടെയുള്ള മത്സ്യ തൊഴിലാളികൾ ഉടനെ പൊഴിയൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും എസ്.ഐ എം ആർ പ്രസാദിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ പാറശ്ശാല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സിൽവയുടെ നില ഗുരുതരമായതിനാൽ ഇയാളെ ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.