tiktok

തിരുവനന്തപുരം: കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ തിരഞ്ഞ് പിടിച്ച് അശ്ലീല വീഡിയോകൾ അയക്കുകയും, ചോദ്യം ചെയ്യുന്നവരെ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും തെറി വിളിക്കുകയും ചെയ്യുന്നത് പതിവാക്കിയ ആൾക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങി. കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം അന്വേഷണം ശക്തമാക്കിയത്.

കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെട്ടിരുന്ന യുവാവാണ് വില്ലൻ. രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ തന്റെ കുട്ടികൾ ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാദ്ധ്യമത്തിൽ ഷെയർ ചെയ്തിരുന്നു. ഇത് കാണാനിടയായ യുവാവ് ഇവർക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സുഹൃത്തുക്കൾക്കും, മറ്റ് ഗ്രൂപ്പുകളിലേക്കും വീട്ടമ്മയുമായി ബന്ധപ്പെട്ടതെന്ന വിധത്തിൽ ഇയാൾ വീഡിയോ ഷെയർ ചെയ്തു.

തന്നെ അപകീർത്തിപ്പെടുത്തുംവിധം വ്യാജവീഡിയോ പ്രചരിക്കുന്നതായ വിവരം അറിഞ്ഞ വീട്ടമ്മ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിൽ പ്രതികരിച്ചവരെയും വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ടവരെയും യുവാവും സുഹൃത്തുക്കളും ഫോൺവഴി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.വിദേശത്ത് നിന്ന് ഇന്റർ നെറ്ര് കോളുകൾ വഴിയും പലരും ഭീഷണിമുഴക്കി.

ഫോൺ നമ്പരുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായി സൈബർ പൊലീസ് അറിയിച്ചു.കൊല്ലത്തെ സ്വകാര്യ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞതായും, ഉടൻ പിടികൂടാനാവശ്യമായ നടപടികൾ സ്വീകരിച്ചതായും എ.‌ഡി.ജി.പി മനോജ് എബ്രഹാം വെളിപ്പെടുത്തി. ഇയാളുടെയും വീഡിയോ ഷെയർ ചെയ്തവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും, വിദേശ നമ്പരുകൾ ഉൾപ്പെടെയുള്ള ഒരു ഡസനോളം ഫോൺ നമ്പരുകളും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.സ്ത്രീകളെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണം.