green-card

വാഷിംഗ്ടൺ: ഡോക്ടർമാരും നഴ്സുമാരുമായ 40,000 വിദേശികൾക്ക് അടിയന്തരമായി ഗ്രീൻ കാർഡ് അനുവദിക്കാനുള്ള ബിൽ, പാർലമെന്റ് അംഗങ്ങൾ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. കൊവിഡ് മഹാമാരി യു.എസിനെ തകർക്കുന്ന പശ്ചാത്തലത്തിലാണ് ആയിരക്കണക്കിന് വിദേശ ഡോക്ടർമാരെയും നഴ്സുമാരെയും രാജ്യത്തെത്തിക്കാനുള്ള തിരക്കിട്ട നീക്കം. യു.എസിൽ ഇപ്പോൾ താത്കാലിക വിസ സമ്പ്രദായങ്ങളായ എച്ച് വൺ ബി വിസയോ ജെടു വിസയോ ഉള്ള ഇന്ത്യയിൽനിന്നുള്ള നൂറുകണക്കിന് ഡോക്ടർമാക്കും നഴ്സുമാർക്കും ഉപകാരപ്പെടുന്നതാണ് പുതിയ നിയമനിർമ്മാണം.

യു.എസ് കോൺഗ്രസ് (പാർലമെന്റ്) അംഗീകരിച്ചതും കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിക്കാതെ പോയതുമായ ഗ്രീൻ കാർഡുകൾ തിരിച്ചുപിടിച്ച് ആയിരക്കണക്കിന് അഡീഷനൽ മെഡിക്കൽ പ്രൊഫഷണൽസിന് അവസരമൊരുക്കാനാണ് നീക്കം. ഇതിലൂടെ 25,000 നഴ്സുമാർക്കും 15,000 ഡോക്ടർമാർക്കും ഗ്രീൻ കാർഡ് ലഭിക്കും. ലോവ പോലുള്ള സംസ്ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് ഗണ്യമായുണ്ട് എന്നാണു റിപ്പോർട്ടുകൾ.

സ്ഥിരം റെസിഡന്റ് കാർഡാണ് ഗ്രീൻ കാർഡ് (സ്ഥിരതാമസത്തിനുള്ള അവകാശം ലഭിക്കുന്നത്). ജനപ്രതിനിധി സഭയിലും സെനറ്റിലും നിയമനിർമാണത്തിനുള്ള ബിൽ അവതരിപ്പിച്ചിട്ടുണ്ട്.