മുംബൈ: റോഡിൽ യാത്രക്കാരെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുമ്പോഴൊന്നും പല പൊലീസുകാർക്കും കൊവിഡ് തങ്ങളെയും ബാധിക്കുമെന്ന ചിന്തയേ ഉണ്ടാകാറില്ല. ഈ മനോഭാവത്തിന് വലീയ വില നൽകേണ്ടി വന്നിരിക്കുകയാണ് മഹാരാഷ്ട്ര പൊലീസ്. അഞ്ച് വിലപ്പെട്ട ജീവനുകളാണ് വൈറസ് ബാധയെ തുടർന്ന് ഇവർക്ക് നഷ്ടമായത്. ഇതിനകം മഹാരാഷ്ട്രയിൽ 714 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ 648 പൊലീസുകാരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 61 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ലോക്ക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പൊലീസിന് നേരെ 194 അതിക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് ഇപ്പോഴും രോഗ വ്യാപനത്തെ കുറിച്ച് ജാഗ്രതയില്ലാത്തതാണ് മഹാരാഷ്ട്രയിൽ രോഗ വ്യാപനത്തിന് ഇടയാക്കുന്നത്. പൊലീസിന് നേരെയുണ്ടായ അക്രമണങ്ങളിൽ 689 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 19,000ലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 731 പേർക്ക് രോഗം മൂലം മരിച്ചു. ധാരാവിയടക്കമുള്ള ചേരികളിൽ രോഗം നിയന്ത്രണ വിധേയമായിട്ടില്ല. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 7500ലധികം പേർക്ക് വൈറസ് ബാധ കണ്ടെത്തി. ഇവിടെ 449 പേർ മരണത്തിന് കീഴടങ്ങിയതായാണ് ഔദ്യോഗിക വിവരം.