ലണ്ടൻ: കൊവിഡ് 19 വൈറസ് ലോകമെങ്ങും പടർന്ന് പിടിച്ചപ്പോൾ കാര്യമായ ജാഗ്രത കാട്ടാതിരുന്ന രാജ്യമാണ് ബ്രിട്ടൻ. 29000പൗരന്മാർ മരണത്തിന് കീഴടങ്ങുകയും ലക്ഷങ്ങളെ വൈറസ് പിടികൂടുകയും ചെയ്തതോടെ ഇവർ രാജ്യത്തെ സുരക്ഷ കർശനമാക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവർക്ക് ആയിരം പൗണ്ട് പിഴ തുക നിശ്ചയിച്ച് ജനങ്ങളെ നിയന്ത്രിക്കാനാണ് നീക്കം. രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവരെ 14 ദിവസം ഒറ്റയ്ക്ക് താമസിപ്പിക്കും. വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ തീരുമാനം.
അയർലണ്ടിൽ നിന്നൊഴികെ പുറത്ത് നിന്നും വരുന്നവർക്കെല്ലാം ഈ നിയമം ബാധകമാണ്. ഇത് പാലിക്കാത്തവരെ രാജ്യത്ത് നിന്നും പുറത്താക്കുന്നതടക്കം കർശന നടപടികളാണ് കൈക്കൊള്ളുക. തുറമുഖത്തിലും വിമാനത്താവളത്തിലും ഡിജിറ്റൽ ഫോമുകൾ ഏർപ്പെടുത്തി വരുന്നവർ എവിടെയാണ് ക്വാറന്റൈനിൽ കഴിയുന്നതെന്ന വിവരം ശേഖരിക്കും. തുടർന്ന് അവിടങ്ങളിൽ മിന്നൽ പരിശോധന നടത്തും. എന്തെങ്കിലും അശ്രദ്ധ കണ്ടാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് നിലപാട്. ജൂൺ മുതൽ നിയമം കർശനമായി നടപ്പാക്കും. സാമൂഹ്യ അകലം, മാസ്‌ക്ക് ധരിക്കൽ എന്നിവയിൽ വീഴ്ച വരുത്തുന്നത് ആരാണെങ്കിലും നടപടി സ്വീകരിക്കാനാണ് ഭരണ കൂടം പൊലീസിന് നൽകിയ നിർദ്ദേശം. വൈറസ് വ്യാപന നിരക്ക് 5.9 ആയി നിലനിൽക്കുന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും ചെറീയ വീഴ്ച പോലും ഇനി ബ്രിട്ടന് താങ്ങാനാകില്ല.