കൊച്ചി :മാലദ്വീപിൽ നിന്നും പ്രവാസികളുമായി നാവിക സേനയുടെ പ്രത്യേക കപ്പൽ എത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, കൊച്ചി തുറമുഖത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മോക് ഡ്രിൽ നടത്തി. എറണാകുളം ജില്ലയുടെ ചുമതലയിലുള്ള മന്ത്രി വി.എസ് സുനിൽകുമാർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷർ വിജയ് സാഖ്‌റെ, ഡി.സി.പി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോക് ഡ്രിൽ.
പ്രവാസികൾക്ക് പകരമായി പൊലീസ് ഉദ്യോസ്ഥാരാണ് മോക് ഡ്രില്ലിന്റെ ഭാഗമായത്. കപ്പൽ കൊച്ചി തീരം തൊട്ടാൽ ചുരുങ്ങിയത് നാല് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. കപ്പലിൽ നിന്നും പുറത്ത് എത്തുന്നവരെ അവിടെ വച്ച് പരിശോധിക്കും. പനിയടക്കമുള്ള ലക്ഷണം കണ്ടാൽ ഇവരെ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ എത്തിച്ച് ഇവിടെ നിന്നും ആശുപത്രിയിലേക്ക് മാറ്റും. 698 പേരാണ് കപ്പലിലുള്ളത്. ഇതിൽ 440 പേർ മലയാളികളാണ്. ശേഷിക്കുന്നവർ തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.
മാലദ്വീപിൽ നിന്നും പ്രവാസികളുമായി നാവികസേനയുടെ ആദ്യ കപ്പൽ ഐ.എൻ.എസ് ജലാശ്വ നാളെ പത്ത് മണിയോടെ കൊച്ചിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികളിൽ 595 പുരുഷന്മാരാണ്, 103 സ്ത്രീകൾ, പത്ത് വയസിൽ താഴെയുള്ള 14 കുട്ടികൾ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകൾ. 19 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു.ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തിൽ കടൽമാർഗ്ഗം പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് ആവിഷ്‌കരിച്ച ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായ ആദ്യ കപ്പലാണ് മാല ദ്വീപിൽ നിന്ന് പുറപ്പെടുന്നത്. മണിക്കൂറിൽ 21 നോട്ടിക്കൽ മൈൽ വേഗത്തിലാണ് യാത്ര.ഐ.എൻ.എസ് ജലാശ്വക്ക് പുറമേ ഐ.എൻ.എസ് മഗർ കപ്പലും പ്രവാസികളെ കൊണ്ടുവരാൻ മാലദ്വീപിൽ എത്തിയിട്ടുണ്ട്.