ivanka

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളുടെ സഹായിയായ വനിതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സ്ത്രീ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വീട്ടിലിരുന്നുള്ള ജോലിയാണ് ചെയ്തിരുന്നത്. ഇവർക്ക് രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട മൂന്നാമത്തെ ആൾക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഇവാൻകയ്ക്കും ഭർത്താവിനും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാത്തി മില്ലർക്ക് കൊവി‌‌ഡ് സ്ഥിരീകരിച്ചത്. കുറച്ചുനാൾ മുൻപ് ട്രംപിന്റെ സഹായികളിലൊരാൾക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ട്രംപ് ദിവസവും കൊവിഡ് ടെസ്റ്റ് നടത്തി തുടങ്ങി. രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരിയുമായി ബന്ധം വന്നിട്ടുള്ളവരെ തിരിച്ചറിഞ്ഞ് വരികയാണ്.

വൈറ്റ് ഹൗസിൽ മാസ്കും സുരക്ഷാ മുൻകരുതലുകളും ഓരോ ജീവനക്കാരനും ഉണ്ടെന്ന് ഇപ്പോൾ ഉറപ്പുവരുത്തുന്നുണ്ട്. ഇവരുടെ ശരീരതാപനിലയും അളക്കുന്നുണ്ട്. വൈറ്റ് ഹൗസിലെ കൊവിഡ് സുരക്ഷ ചുമതല വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനാണ്. എന്നാൽ ട്രംപും പെൻസും ഈയിടെ നടത്തിയ സന്ദർശനങ്ങളിൽ സുരക്ഷാ മാസ്ക് ഉപയോഗിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.