cashew-

കൊല്ലം: ലോക് ഡൗണിന്റെ വീട്ടിലിരിപ്പിന്റെ വിരസത നീങ്ങി കശുഅണ്ടി തൊഴിലാളികൾ ഫാക്ടറികളിലേക്ക്. നിയന്ത്രണങ്ങൾ പാലിച്ച് കാഷ്യൂ കോർപ്പറേഷൻ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിച്ചു. ഷെല്ലിംഗ് ജോലിയാണ് ആരംഭിച്ചത്. 50 ശതമാനം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ തൊഴിലാളികൾക്ക് റോൾ നമ്പറിന്റെ ഒറ്റ, ഇരട്ട ക്രമത്തിൽ തൊഴിൽ ലഭിക്കും.

ജോലിക്ക് ഹാജരാകുന്നവർക്ക് മുഖാവരണം നിർബന്ധമാണ്. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി ഫാക്ടറികളിൽ പ്രവേശിക്കണം. ഒരു മീറ്റർ സാമൂഹിക അകലവും പാലിക്കണം. ജോലിസ്ഥലത്ത് തുപ്പാൻ പാടില്ലെന്നതിനൊപ്പം മുറുക്കും പുകവലിയും നിരോധിച്ചു. പനി, ജലദോഷം, ശ്വാസതടസം ഉള്ളവരെ ജോലിയിൽ പ്രവേശിപ്പിക്കില്ല. മൊബൈൽ ഫോണിന്റെ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്.

ഫാക്ടറികളിൽ സ്ഥാപിച്ചിട്ടുള്ള തെർമൽ സ്‌കാനറിൽ നിന്ന് തെർമൽ റീഡിംഗ് എടുക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജോലി തുടങ്ങും മുമ്പ് ഫാക്ടറികൾ അണുവിമുക്തമാക്കിയും പരിസര ശുചീകരണം നടത്തിയുമാണ് തുറന്നത്. വിദേശ തോട്ടണ്ടിയും നാടൻ തോട്ടണ്ടിയും ഉപയോഗിച്ച് മുടങ്ങാതെ തൊഴിൽ നൽകാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ സജീവമാകും.