ന്യൂഡൽഹി: കൊവിഡിന് മുമ്പേ നാട്ടിലെത്തിയ ഗൾഫിലെ ആരോഗ്യ പ്രവർത്തകർക്ക് തിരിച്ചുപോകാൻ കേന്ദ്രത്തിന്റെ അനുമതി. കൊവിഡ് രൂക്ഷമായതിനാൽ ആരോഗ്യ പ്രവർത്തകരെ തിരിച്ചുകൊണ്ടുപോകാൻ അനുവദിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുമതി നൽകിയത്.
ഇതോടെ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർക്ക് ജോലി ചെയ്യുന്ന ആശുപത്രികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് നടപടികൾ തുടങ്ങാവുന്നതാണ്. കൊവിഡ് വ്യാപനം തടയുന്നതിനുവേണ്ടി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കിയതോടെ വിദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാതെ കുടുങ്ങിപ്പോയവർക്കാണ് അനുമതി നൽകിയത്.
നാട്ടിലെത്തി തിരിച്ച് പോകാൻ കഴിയാതായതോടെ ഇവരിൽ പലരുടെയും ജോലി തന്നെ നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. വിദേശത്ത് നിന്നെത്തുന്ന വിമാനങ്ങളിലായിരിക്കും ഇവരെ തിരിച്ച് കൊണ്ടപോകുകയെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. മടങ്ങിപ്പോകേണ്ടവർ അവർ ജോലി ചെയ്യുന്ന വിദേശത്തെ ആശുപത്രികളുമായാണ് ബന്ധപ്പെടേണ്ടത്. തുടർന്ന് അതാത് ഗൾഫ് രാജ്യങ്ങളാണ് ഇവരെ തിരികെയെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക. നേരത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ആരോഗ്യപ്രവർത്തകരുടെ അഭാവം അനുഭവപ്പെട്ടതോടെയാണ് ഗൾഫ് രാജ്യങ്ങൾ കേന്ദ്രത്തെ സമീപിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ ഏറ്റവുമധികം പേർ ജോലി ചെയ്യുന്നത് കേരളത്തിൽ നിന്നാണ്. സൗദിയിൽ മാത്രം 900ലധികം മലയാളി ആരോഗ്യ പ്രവർത്തകരാണ് ജോലി ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിലും അതുപോലെ തന്നെ.