ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന നടി സായ് പല്ലവിക്ക് ആശംസകളുമായി റാണാ ദഗുബതി. ഇരുവരും ഒന്നിച്ചെത്തുന്ന 'വിരാടപര്‍വ്വം 1992' എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ലുക്ക് പുറത്തു വിട്ടാണ് റാണ ദഗുബതി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. രക്തസാക്ഷി മണ്ഡപത്തിന് താഴെ സായ് ഇരിക്കുന്നതായാണ് പോസ്റ്റര്‍.വളരെ സാധാരണ വേഷത്തില്‍ ഇരിക്കുന്ന സായ് പല്ലവിയുടെ പക്കല്‍ ഒരു ബാഗും കയ്യില്‍ ഒരു പേനയും ബുക്കും കാണാം
"എന്റെ സഹതാരവും സഖാവുമായ സായ് പല്ലവിക്ക് ജന്മദിനാശംസകള്‍." എന്നാണ് റാണാ കുറിച്ചിരിക്കുന്നത്. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രം നക്‌സലൈറ്റുകളുടെ കഥയാണ് പറയുന്നത്. 'വിപ്ലവം പ്രണയത്തിന്റെ ഒരു പ്രകടനമാണ്' എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗര്‍, വാറങ്കല്‍ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ക്രൂരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും യൗവ്വനകാലത്ത് വിദ്യാര്‍ത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് കൂടിയാണ് 'വിരാടപര്‍വ്വം'.
ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സുരേഷ് പ്രൊഡക്ഷന്‍സ്, ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസ് എന്നിവയുടെ ബാനറില്‍ സുധാകര്‍ ചെറുകുറൈയാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രിയാമണി, നന്ദിതാ ദാസ്, നവീന്‍ ചന്ദ്ര, സറീന്‍ വഹാബ്, ഈശ്വരി റാവോ, സായ് ചന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു..