pic

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ ഗൃഹപാഠം ചെയ്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. വിഷയത്തിൽ സർക്കാർ കാലതാമസം വരുത്തുകയാണെന്നും ഇത് വലിയ അപകടങ്ങൾക്കിടയാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.


കേരളത്തിന്റെ അതിർത്തികളിലെ സ്ഥിതി ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിർത്തിയിലുള്ളവരെ കൊണ്ടുവരാൻ കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പെടുത്തുന്നില്ല. ട്രെയിൻ സർവീസ് ഏർപ്പെടുത്തുമെന്ന് പത്ത് ദിവസമായി മുഖ്യമന്ത്രി പറയുന്നു, ഇതുവരെ നടപടിയായില്ല.


അതിർത്തികളിൽ പാസുമായി ബന്ധപ്പെട്ട കാര്യത്തിന് ഉദ്യോഗസ്ഥരില്ല. ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോർഡ് പണം നൽകിയത് ശരിയാണോയെന്ന് പരിശോധിക്കണം. ദേവസ്വം ബോർഡുകളെ സമ്മർദ്ദത്തിലാക്കി സർക്കാർ പണം വാങ്ങുകയാണ്. നിത്യച്ചെലവുകൾക്ക് പോലും ബോർഡുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


അതിനിടെ പാസ് വിതരണം വൈകുന്നതിലും നടപടികളിലെ പോരായ്മകളിലും പ്രതിഷേധിച്ച് എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവർ തൃശൂർ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.