പുതിയ ഒരു വീട്ടിലേക്ക് താമസം മാറുക എന്നത് ആകെ ടെൻഷൻ പിടിച്ച ഒരു കാര്യമാണ്. വീട് മാറുന്നു എന്ന കാര്യം തീരുമായാൽ അതിനുള്ള പ്ലാനിംഗും നേരത്തെ തന്നെ ആരംഭിക്കണം. എല്ലാ കാര്യങ്ങൾക്കും വ്യക്തമായ പ്ലാനിംഗ് ഉള്ളത് നമ്മളുടെ വീട് മാറ്റം കൂടുതൽ സുഗമമാക്കും.
വീട് മാറുന്നതിന് നമ്മളെ സഹായിക്കുന്നത് ആര് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സഹായിക്കാൻ കൂട്ടുകാരോ ബന്ധുക്കളോ ഉണ്ടെങ്കിൽ നമ്മുക്ക് അധികം പണച്ചെലവ് ഇല്ലാതെ കാര്യങ്ങൾ നടത്താൻ സാധിക്കും എന്നാൽ സഹായിക്കാൻ ആരും ഇല്ലാത്തവർക്ക് ഏജൻസികളെ സമീപിക്കേണ്ടി വരും. നമ്മുടെ സാഹചര്യങ്ങൾ തരിച്ചറിഞ്ഞ് കൃത്യമായ തീരുമാനം എടുക്കുക. വീട്ടിൽ ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ എല്ലാ വസ്തുക്കളും ഒഴിവാക്കാനുള്ള അവസരമായി പുതിയ വീട്ടിലേക്കുള്ള താമസത്തെ കാണുക. ഉപയോഗശൂന്യമായ എല്ലാവസ്തുക്കളും ഉപേക്ഷിക്കുക.
താമസം മാറുമ്പോൾ നിലവിൽ താമസിക്കുന്ന സ്ഥലം പരമാവധി മലിനമാക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടയമാണ്. പരമാവധി വൃത്തിയായി തന്നെ വീട് കൈമാറാൻ ശ്രദ്ധിക്കാം. പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ പഴയ വീട്ടിൽ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന എല്ലാവസ്തുക്കളും തുടർന്നും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ വീട്ടിലേക്ക് കൊണ്ടുപോകേണ്ട എല്ലാ വസ്തുക്കളുടെയും കൃത്യമായ ഒരു ലിസ്റ്റ് തയ്യാറാക്കുകയും അത് അനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥലം മാറ്റം കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
വസ്തുക്കൾ പായ്ക്ക് ചെയ്ത എല്ലാ ബോക്‌സുകളും ലേബൽ ചെയ്യുന്ന കാര്യം വീട് മാറുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇത് അവയ്ക്ക് കൂടുതൽ സുരക്ഷിതത്വം നല്കും. പുതിയ വീട്ടീലേക്ക് താമസം മാറുമ്പോഴും പഴയ വീട് ഒഴിയുമ്പോഴും നിയമപരമായി എല്ല കടമ്പകളും പൂർത്തിയാക്കിയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഭാവിയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
തുണി പായ്ക്ക് ചെയ്യുന്നതു പോലെയല്ല ഗ്ലാസ്സ് വസ്തുക്കൾ പായ്ക്ക് ചെയ്യേണ്ടത്. അതുപോലെയല്ല ഇലക്ട്രോണിക് സാധനങ്ങൾ പായ്ക്ക് ചെയ്യേണ്ടത്. ഓരോ വസ്തുക്കളുടെയും സ്വഭാവം മനസ്സിലാക്കി അവ പായ്ക്ക് ചെയ്യാൻ ശ്രദ്ധിക്കുക. മൂവിംഗ് കിറ്റ് തയ്യാറാക്കാം. പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ അവിടെ ചെന്നിട്ട് ആദ്യം ആവശ്യമുള്ളതും അത്യാവശ്യമുള്ളതുമായ സാധനങ്ങൾ ഒരു പ്രത്യേക ബോക്‌സിൽ പായ്ക്ക് ചെയ്യുക.
അതായത് പുതിയ വീട്ടിൽ ചെന്ന ഉടനെ നടത്തേണ്ട ക്ലീനിംഗിന് ആവശ്യമായ വസ്തുക്കളായ ചൂല്, മോപ്, ലോഷൻ, ഡിറ്റർജന്റ്, ക്ലീനിംഗ് തുണികൾ മുതലായവ. പലയിടത്തായി ഇവ പായ്ക് ചെയ്യുന്നത് ചെന്ന ഉടനെയുള്ള ക്ലിനിംഗ് വൈകിക്കാൻ സാധ്യതയുണ്ട്. താമസം മാറുമ്പോൾ വില പിടിപ്പുള്ള വസ്തുക്കൾ കൈകകാര്യം ചെയ്യുമ്പോൾ നാം വളരെയധികം ശ്രദ്ധിക്കണം. പൊട്ടലോ കേടുപോടുകളോ കൂടാതെ അവ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.
വീട് മാറാൻ നമ്മളെ സഹായിക്കാൻ വരുന്നത് കൂട്ടുകാരോ എജൻസികളോ ആണെങ്കിൽ അവരുടെ കാത്തിരിപ്പ് ഒഴിവാക്കുക എന്നത് നമ്മുടെ കടമയാണ്. വരുന്നവരോട് കൃത്യമായ ഒരു സമയം പറയുകയും ആ സമയത്തിനുള്ളിൽ എല്ലാ പായ്ക്കിംഗുകളും പൂർത്തിയാക്കാനും നാം ശ്രദ്ധിക്കണം.
വീട് മാറുന്നത് മുൻപായി ഷോപ്പിംഗ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പുതിയതായി വാങ്ങുന്ന സാധങ്ങൾ കൂടി പുതിയ താമസസ്ഥലത്തേക്ക് കൊണ്ടുപോകേണ്ടതായി വരും. വീട് മാറുമ്പോൾ എല്ലാവരും ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് പായ്ക്ക് ചെയ്യ്തു കഴിയുമ്പോൾ ബാക്കിയാകുന്ന തുണികളും പേപ്പറുകളും സാധനങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുക എന്നത്. എന്നാൽ ഇത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ആർക്കെങ്കിലും കൊടുത്താൽ ഉപകാരപ്പെടുന്നവ അത്തരക്കാർക്ക് കൊടുക്കാനും അല്ലാത്തവ കൃത്യമായി നശിപ്പിക്കാനും ശ്രദ്ധിക്കണം.
പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് മുൻപ് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ അടയ്ക്കാനുള്ള ബില്ലുകൾ എല്ലാം അടച്ചോ എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ പ്രധാനപ്പെട്ട കടമളിൽ ഒന്നാണ്. പുതിയ സ്ഥലത്തേക്ക് പോകുന്നതിന് മുൻപ് പഴയ ബാധ്യതകൾ എല്ലാം തീർത്തിട്ട് പോകുന്നതാണ് നല്ലത്.
വീട് മാറാനുള്ള ദിവസം തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് കാലാവസ്ഥ തന്നെയാണ്. മഴയില്ലാത്ത നല്ല തെളിച്ചമുള്ള കാലാവസ്ഥയാണ് എപ്പോഴും വീട് മാറ്റത്തിന് ഏറ്റവും അനുയോജ്യം. കാരണം മഴയത്ത് സാധനങ്ങൾ പുറത്തെടുത്താൽ അത് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കൂടാതെ ഷിഫ്റ്റിംഗ് ദിവസം തീരുമാനിക്കുമ്പോൾ നമ്മളുടെ മാത്രം സൗകര്യം നോക്കാതെ സഹായിക്കാൻ വരുന്നവരെ കൂടി പരിഗണിക്കുക.
വീട് മാറി പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അയൽക്കാരുമായുള്ള ബന്ധം. അതുവരെ നമ്മുക്ക് ചുറ്റും താമസിച്ചവരെ പൂർണ്ണമായി അവഗണിച്ച് നാം ഒരിക്കലും വീട് മാറി പോകരുത്. പറ്റിയാൽ വീട് മാറുന്നതിന് മുൻപ് അയൽവാസികൾക്കെല്ലാം കൂടി ഒരു പാർട്ടി നടത്തുകയും നാം വീട് മാറുകയാണെന്ന വിവരം അവരെ അറിയിക്കുകയും ചെയ്യുക. അയൽവാസികളിൽ ആരോടെങ്കിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വീട് മാറാൻ പോകുന്നതിന് മുൻപ് ആ പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിക്കാനും എല്ലാവരുമായും നല്ല ബന്ധത്തിൽ പിരിയാനും ശ്രദ്ധിക്കുക.