ലണ്ടൻ: മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനത്തിൽ ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകിയ ശേഷം രോഗികളുടെ അവസ്ഥയിൽ ഒരു മാറ്റവും കണ്ടെത്താനായില്ലെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ഉപയോഗ മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് അത് ഭേദമാക്കുകയോ മരണസാദ്ധ്യതയുള്ളവരിൽ അതിൻ്റെ നിരക്ക് കുറയ്ക്കുകയോ ചെയ്തിട്ടില്ല.
മരുന്നിൽ ഗുണങ്ങളോ ദോഷങ്ങളോ ഒന്നും തന്നെയില്ല. ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാത്തവരെ അപേക്ഷിച്ച് അത് നൽകിയ രോഗികളിൽ മരണം സംഭവിക്കാനുള്ള സാദ്ധ്യത ഉയർന്നതോ കുറവോ അല്ല. ഹൈഡ്രോക്‌സിക്ലോറോക്വിൻ ഒരു തരത്തിലും അത്തരമൊരു അവസ്ഥയെ ബാധിക്കുന്നില്ല - പഠനത്തിൽ പറയുന്നു.
ഹൈഡ്രോക്‌സിക്ലോറോക്വിൻ്റെ ഉപയോഗം മൂലം ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും വിദഗ്ദ്ധരുടെ കുറിപ്പടിയോ മേൽനോട്ടമോ ഇല്ലാതെ അവ ഉപയോഗിക്കരുതെന്നും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ രണ്ടാഴ്ച മുമ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് ചികിത്സക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആദ്യം നിർദേശിച്ച മരുന്നായിരുന്നു ഹെഡ്രോക്‌സിക്ലോറോക്വിൻ.
ന്യൂയോർക്ക് - പ്രെസ്‌ബൈറ്റീരിയൻ ആശുപത്രിയിലും കൊളംബിയ സർവകലാശാല ഇർവിംഗ് മെഡിക്കൽ സെൻ്ററിലും കൊവിഡ് ലക്ഷണങ്ങളുള്ള 1,376 രോഗികൾക്ക് ഈ മരുന്ന് നൽകിയിരുന്നു.