" എന്നെ പാകപ്പെടുത്തിയെടുത്തത് അമ്മയാണ്. അമ്മ ഗിരിജ വാര്യർ. എന്നിലെ കലാകാരിയെ ആദ്യം കണ്ടെത്തിയതും അമ്മയാണ്. നൃത്ത ക്ളാസിൽ ചേർത്തു, കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചു, സമ്മാനങ്ങൾ ലഭിച്ചു. അപ്പോഴൊക്കെ അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാവും. ഒരിക്കലും വാക്കുകളിൽ ഒതുക്കാൻ കഴിയില്ല അമ്മയെ. ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതും അമ്മയുടെ കൂടെയാണ്.
അമ്മ ചെലുത്തിയ സ്വാധീനം ഫിലോസഫിയായി പറയേണ്ട കാര്യമല്ല. അതു പ്രകൃതിയുടെ രീതിയാണ്. അമ്മയുടെ ധീരമായ തന്റേടവും നിശ്ചയദാർഢ്യവുമാണ് എന്നെ ഇവിടെവരെ എത്തിച്ചത്. ഒന്നും എന്റെ നേട്ടമോ കഠിനാദ്ധ്വാനമോ അല്ല. എല്ലാം അമ്മ നൽകിയ സമ്മാനം.
അമ്മയ്ക്ക് അസുഖം വന്നപ്പോൾ ആ വിഷമം അമ്മ പ്രകടിപ്പിച്ചില്ല. എന്നാൽ അച്ഛന് അസുഖം വന്നപ്പോൾ അമ്മയുടെ സങ്കടം ഞാൻ കണ്ടിരുന്നു. അച്ഛൻ നേരത്തെ പോയി. എല്ലാത്തിനെയും പുഞ്ചിരിയോടെ കാണുന്ന ആളാണ് അമ്മ. ധീരമായ വ്യക്തിത്വത്തിനുടമ. എല്ലാ അമ്മമാർക്കും എന്റെ മാതൃദിനാശംസകൾ."
-തയ്യാറാക്കിയത്-മനോജ് വിജയരാജ്