അഹമ്മദാബാദ്:- ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദേശത്തെ തുടർന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയയും, എയിംസ് ഡിപ്പാർട്മെന്റ് ഒഫ് മെഡിസിനിലെ ഡോ.മനീഷ് സുരേജയും കൊവിഡ് പിടിമുറുക്കിയ ഗുജറാത്തിലെത്തി. പ്രത്യേക എയർഫോഴ്സ് വിമാനത്തിലാണ് ഇവർ ഗുജറാത്തിലെത്തിയത്.
7402 കൊവിഡ് ബാധിതരുള്ള ഗുജറാത്തിൽ 449 പേർ മരിച്ചു. 24 മണിക്കൂറിനിടെ 390 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1872 പേർക്ക് രോഗം ഭേദമായി. രോഗം പടരുന്ന സ്ഥിതി കുറയാതെ തുടരുകയാണിവിടെ. നഗരത്തിലെ എസ്.വി.പി ആശുപത്രി ഡോ.ഗുലേറിയ സന്ദർശിക്കും.
അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ഡോ.ഗുലേറിയയും ഡോ.സുരേജയും സന്ദർശിച്ച് ഡോക്ടർമാരുമായി ചികിത്സാ രീതികളെ കുറിച്ച് ചർച്ച നടത്തി. ഗുജറാത്ത് പ്രിൻസിപ്പൽ സെക്രട്ടറിയെ സന്ദർശിച്ച അദ്ദേഹം, മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചർച്ച നടത്തും.
രാജ്യത്ത് 59662 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മരണനിരക്ക് രണ്ടായിരത്തോട് അടുക്കുകയാണ് 1981പേർ.17847 പേർക്ക് രോഗം ഭേദമായി.