bolsonaro

ബ്രസീലിയ: കൊവിഡിനെ വിജയകരമായി നേരിടുന്നതിൽ ബ്രസീൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രസിഡൻ്റ് ജെയർ ബൊൽസോനാരോ ആണെന്ന് പ്രമുഖ മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൻ്റെ എഡിറ്റോറിയൽ.

ലോക്ഡൗണിനോട് ബോൽസൊനാരോ കാണിക്കുന്ന അവഗണന ബ്രസീൽ ജനതയ്ക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാവാന്‍ അത് കാരണമായി.

പകർച്ചവ്യാധിയെ നേരിടുന്നത് സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടര്‍ന്ന് ജനകീയനായിരുന്ന ആരോഗ്യ മന്ത്രി ലൂയിസ് ഹെൻറിക് മണ്ടേട്ടയെ പുറത്താക്കിയതും നീതിന്യായ മന്ത്രി സെർജിയോ മൊറോയുടെ രാജിയും ബൊൽസൊനാരോയെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു.

വെല്ലുവിളി ആത്യന്തികമായി രാഷ്ട്രീയമാണ്, ബ്രസീലിയൻ സമൂഹത്തിൻ്റെ തുടർച്ചയായ ഇടപെടൽ ആവശ്യമുണ്ട്. ഒരു രാജ്യമെന്ന നിലയിൽ ഒറ്റക്കെട്ടായി നിന്ന് ‘അതിന് എന്താണ്’ എന്ന പ്രസിഡൻ്റിൻ്റെ ചോദ്യത്തിനുള്ള ഉത്തരം നൽകണം. അദ്ദേഹത്തിൻ്റെ മനോഭാവം തീർച്ചയായും മാറേണ്ടതുണ്ട് - ജേണലിൽ പറയുന്നു.

കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണം സംഖ്യയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടാകുന്നതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ” അതിന് ഇപ്പോൾ എന്താണ്?, വിഷമമുണ്ട് പക്ഷേ, ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്,” എന്നായിരുന്നു ബൊള്‍സൊനാരോയുടെ പ്രതികരണം.
അതേസമയം ലാൻസെറ്റ് എഡിറ്റോറിയലിനെക്കുറിച്ച് പ്രതികരിക്കാൻ ബൊൽസൊനാരോയുടെ പ്രസ് ഓഫിസ് വിസമതിച്ചു. നിലവിലെ പ്രതിസന്ധിഘട്ടത്തിൽ ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാനുള്ള സമയമല്ല എന്നതാണ് പ്രസ് ഓഫീസിൻ്റെ നിലപാട്.