b
യാത്രയ്ക്കിടെ ഷിമോഗയിലെ ജോഗ് വെള്ളച്ചാട്ടത്തിനടുത്ത് വൃന്ദയും ശബരീഷും

തിരുവനന്തപുരം: ബൈക്കിൽ കൂട്ടുകാരുമൊത്ത് അടിപൊളി യാത്ര നടത്താറുള്ള ശബരീഷ് കന്യാകുമാരി - ലേ ലഡാക്ക് യാത്ര പ്ളാൻ ചെയ്തപ്പോൾ അമ്മ ചോദിച്ചു: ''എന്നെക്കൂടെ കൊണ്ടുപോകാമോ?'' - ''അമ്മ റെഡിയെങ്കിൽ ഞാൻ ഡബിൾ റെഡി.'' കായംകുളത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അമ്മ വൃന്ദ മഹേഷിന് ആവേശമായി.

പക്ഷേ,​ അച്ഛൻ സമ്മതിക്കണമല്ലോ. മുംബയിൽ എൻജിനയറായ അച്ഛൻ മഹേഷിന് ഭയം. വൃന്ദ ആഗ്രഹം ആവർത്തിച്ചുകൊണ്ടിരുന്നു. മൂത്തമകൻ വിഘ്‌നേഷും പിന്തുണച്ചു. ഒരുവർഷത്തിനുശേഷം സെപ്തംബർ ഒന്നിന് 'അടുക്കളയിൽ നിന്നു കാശ്‌മീരിലേക്ക്' എന്ന യാത്ര അച്ഛൻതന്നെ കന്യാകുമാരിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ചെന്നൈ, പോണ്ടിച്ചേരി, വിജയവാഡ, ഹൈദരാബാദ്, ലോണാവാല, പൂനെ,​ മുംബയ്, സൂററ്റ്, ജയ്‌പൂർ,​ ഡൽഹി... യാത്ര മുന്നേറി. ചരിത്ര ബിരുദധാരിയായ വൃന്ദ വിജയനഗര സാമ്രാജ്യവും മുഗളന്മാരുടെ നിർമ്മാണങ്ങളും ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയും കണ്ടു. വാഗ അതിർത്തിയിൽ ഇന്ത്യൻ ദേശീയതയിൽ തിളച്ചു. നേപ്പാളിലെ സ്വയംഭൂ ക്ഷേത്രത്തിലെ പടിക്കെട്ടിലിരുന്ന് 'യോദ്ധ'യിലെ അപ്പുക്കുട്ടനെയും അശോകനെയും അക്കോഷോട്ടോയെയും ഓർത്തു ചിരിച്ചു. കല്ലുകൾ വീഴുന്ന ഹിമാലയത്തിന്റെ താഴ്‌വരയിലെ യാത്രയിൽ പേടിച്ചു. ഇടയ്ക്കിടെ ഉരുൾപൊട്ടുന്ന പാതയിലൂടെയൊക്കെ അമ്മയെയും കൊണ്ട് മകൻ ബൈക്കോടിച്ചു.റൈഡിംഗ് ജാക്കറ്റും ഹെൽമറ്റുമടക്കം സുരക്ഷാവേഷംധരിച്ചിരുന്നു. ഓരോ പ്രദേശത്തെയും വീഡിയോ എടുത്ത് സാമൂഹ മാദ്ധ്യമങ്ങിൽ പോസ്റ്റ് ചെയ്തു. അമ്മയുടെ അടിപൊളി യാത്രയ്ക്ക് ആരാധകരേറി. മണാലിയിൽ നിന്ന് ലേയിൽ വരുന്നിടത്ത് പാങ് എന്നൊരു സ്ഥലത്ത് വെറുതെ നിന്നപ്പോൾതന്നെ കിതപ്പുവന്നു. അവിടെ വച്ച് വൃന്ദയ്ക്ക് ഓക്സിജൻ നൽകേണ്ടി വന്നു. ഒക്ടോബർ 28ന് മടങ്ങിയെത്തി. ഇപ്പോൾ കായംകുളത്തെ 'വൃന്ദാവനി'ലിരുന്ന് മറ്റൊരു യാത്ര പ്ളാൻ ചെയ്യുകയാണ്. ലോക്ക്‌ ഡൗണിനു ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോകാൻ.

മറ്ര് സംസ്ഥാനങ്ങളിലെ ആളുകളെ കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.‌ അമ്മയും മകനും എന്നു കേൾക്കുമ്പോൾ അവർക്ക് ബഹുമാനമാണ്.

- വൃന്ദമഹേഷ്

അമ്മയുടെ കൂടെയുള്ള യാത്ര അത്ര സിംപിളല്ല. യാത്രയ്ക്കിടയിൽ വഴക്കൊക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ പെട്ടെന്ന് തീർത്ത് സന്തോഷത്തോടെ യാത്ര തുടർന്നു -ശബരീഷ്