-kochi-

കൊച്ചി : വിവാദക്കാറ്റിൽ ആടിയുഞ്ഞെങ്കിലും, ജീവൻ തുടിക്കുന്ന ഹൃദയം വഹിച്ചുകൊണ്ടുള്ള ആദ്യ ഹെലികോപ്ടർ ദൗത്യം വിജയം. പ്രതീക്ഷിച്ചത് പോലെ 3.50ഓടെ എറണാകുളം ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലേക്ക് ഹെലികോപ്ടർ പറന്നിറങ്ങി. പിന്നെ എല്ലാ നീക്കങ്ങളും മിന്നൽ വേഗത്തിൽ. ഹെലികോപ്ടറിൽ നിന്നും ഹൃദയം വഹിച്ചുകൊണ്ട് ആരോഗ്യപ്രവർത്തകരും പൊലീസും കാത്ത് നിന്നിരുന്ന ആംബുലൻസിലേക്ക് കയറി. മുൻനിശ്ചയപ്രകാരം പൊലീസ് അകമ്പടിയോടെ മിന്നൽ വേഗത്തിൽ ആംബുലൻസ് ആശുപത്രിയിലേക്ക് പാഞ്ഞു.

നാല് മിനിറ്റിൽ ആംബുലൻസ് ആശുപത്രിയിൽ എത്തി. ബോൾഗാട്ടി മുതൽ ലിസി ആശുപത്രി വരെ പൊലീസ് വാഹനഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹൃദയം വഹിച്ചുകൊണ്ടുള്ള സംഘം ആശുപത്രിയിലെത്തി ഉടൻ തന്നെ സർജറി ആരംഭിച്ചു. ഇതിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖ്‌റെ നേരിട്ടാണ് കൊച്ചിയിലെ പൊലീസ് ദൗത്യത്തിന് നേതൃത്വം വഹിച്ചത്. ലോക്ക് ഡൗണാണെങ്കിലും ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് കർശന നിർദേശമാണ് അദ്ദേഹം നൽകിയിരുന്നു.

കൊച്ചി ലിസി ആശുപത്രിയിൽ ചികിൽസയിലുള്ള കോതമംഗലം സ്വദേശിയായ 49 വയസുള്ള സ്ത്രീക്കാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള സ്ത്രീയുടെ ഹൃദയം ഉപയോഗിക്കുന്നത്. ദാതാവിൽനിന്നും ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ രണ്ടരയോടെയാണ് പൂർത്തിയാക്കിയ്ത്. തുടർന്ന് ഹൃദയവുമായി ആംബുലൻസ് മൂന്നോടെ എയർപോർട്ടിൽ എത്തി. പിന്നീട് ഒരേഒരു ലക്ഷ്യവുമായി കൊച്ചിയിലേക്ക് ഹെലികോപ്ടർ പുറപ്പെടുകയായിരുന്നു. ഹൃദയം കൊണ്ടുപോകാനായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് പെരിയപ്പുറവും സംഘവും നേരത്തെ തലസ്ഥാനത്തെത്തിയിരുന്നു. സർക്കാരിന്റെ മൃതസജ്ജീവനി പദ്ധതി വഴിയാണ് അവയവം കൈമാറുന്നത്.