തിരുവനന്തപുരംഃ ലോക്ക് ഡൗൺ കാലത്ത് ജിയോളജി പാസും ജി.എസ്.ടി ബില്ലുമില്ലാതെ ക്വാറി ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ക്വാറി ഉൽപ്പന്നങ്ങൾ കടത്തിയ പത്ത് വാഹനങ്ങൾ പിടികൂടി.പാലക്കാട് ജില്ലയിലെ ചിതലിയിൽ പ്രവർത്തിക്കുന്ന ഒരു ക്വാറി ഉൽപ്പന്ന വ്യാപാര സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ ആയിരത്തിലേറെ വാഹനങ്ങളിൽ ബില്ല് അടിക്കാതെ സാധനങ്ങൾ കടത്തിയതായും സ്ഥിരീകരിച്ചു.ഇതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടമുണ്ടായതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ക്വാറി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കാൻ വിജിലൻസ് തീരുമാനിച്ചു.
അമിതവില, കരിഞ്ചന്ത,പൂഴ്ത്തിവയ്പ്പ് എന്നിവ തടയാൻ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 145 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. സംസ്ഥാനമൊട്ടാകെ 246 വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. തിരുവനന്തപുരത്ത് 22ഉം ആലപ്പുഴയിൽ 18 ഉം കൊല്ലത്ത് 23 ഉം തൃശൂരിൽ 16ഉം കാസർകോട് 13 ഉം പത്തനംതിട്ട പാലക്കാട് ജില്ലകളിൽ 12ഉം കോട്ടയം , ഇടുക്കി ജില്ലകളിൽ 11ഉം മലപ്പുറത്ത് 10ഉം വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ വ്യക്തമായി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്.പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു