xi-jinping

ബീജിംഗ് : കൊവിഡ് ഉത്തര കൊറിയയ്ക്ക് ഭീഷണിയായേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്. ഉത്തര കൊറിയയ്ക്ക് ചൈനയുടെ സഹായവും ഷീ വാഗ്ദാനം ചെയ്തു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ചൈനയുടെ കൊവിഡ് പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം അയച്ച കത്തിന് മറുപടിയായിട്ടാണ് ഷീയുടെ പ്രസ്ഥാവന.

രാജ്യത്ത് ഇതേവരെ ഒരൊറ്റ കൊവിഡ് കേസ് പോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഉത്തര കൊറിയ വ്യക്തമാക്കുന്നത്. എന്നാൽ വിദഗ്ദർ ഇതിൽ ശക്തമായ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരം നിറുത്തലാക്കിയ ആദ്യ രാജ്യം ഉത്തര കൊറിയയാണ്. ജനുവരി മൂന്നാം ആഴ്ചയോടെ തന്നെ ഉത്തര കൊറിയ തങ്ങളുടെ അതിർത്തികളെല്ലാം അടച്ചിരുന്നു. ദുർബലമായ ആരോഗ്യ മേഖലയായതിനാൽ വൈറസിന്റെ ചെറിയ സാന്നിദ്ധ്യം പോലും ഉത്തര കൊറിയയെ അപകടത്തിലാക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചൈനയെ അഭിനന്ദിച്ച കിമ്മിന് അതിയായ നന്ദിയറിയിച്ച ഷീ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്നും കൊവിഡ് പോരാട്ടത്തിന് ഉത്തര കൊറിയയ്ക്ക് തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്നും അറിയിച്ചു. ഇന്നലെയാണ് കിം ചൈനയെ അഭിനന്ദിച്ച് കൊണ്ട് ശബ്ദ സന്ദേശം അറിയിച്ചതായി ഉത്തര കൊറിയൻ വാർത്താ ഏജൻസി അറിയിച്ചത്.

അതേസമയം, ഉത്തര കൊറിയയുടെ അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ ഇന്ന് പുതിയ 18 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞാഴ്ച തലസ്ഥാന നഗരമായ സോളിലെ അഞ്ച് നൈറ്റ് ക്ലബുകളിലും ബാറിലും എത്തിയ 29 കാരനായ കൊവിഡ് ബാധിതനിൽ നിന്നാണ് ഇവരിൽ 17 പേർക്കും രോഗം പടർന്നിരിക്കുന്നത്. ഇതോടെ സോളിലെ നൈറ്റ് ക്ലബുകളും ബാറുകളുമെല്ലാം അടയ്ക്കാൻ ഉത്തരവിട്ടു. ഇതോടെ ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,840 ആയി. 256 പേരാണ് രാജ്യത്ത് ഇതേവരെ മരിച്ചത്.