pic

ന്യൂഡൽഹി: പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ സമഗ്രവും ശക്തവുമായ സാമ്പത്തിക സമാശ്വാസ പാക്കേജും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉത്തേജന പാക്കേജും എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തിരമായി സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിരവധി പട്ടിണി മരണങ്ങൾ രാജ്യത്തുണ്ടാകുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ദിവസം തോറും കൂടിവരികയാണ്. സാമ്പത്തിക പ്രതിസന്ധി മൂലവും തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് മൂലവുമുള്ള ബുദ്ധിമുട്ടിലും മാനസിക സംഘർഷത്തിലുമാണ് ജനസംഖ്യയിൽ നല്ലൊരു ശതമാനംപേരും.

കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച ആദ്യ സാമ്പത്തിക പാക്കേജ് ഭാഗികമായി ആശ്വാസം നൽകിയിരുന്നു. എന്നാൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് സ്ഥിരമായ സാമ്പത്തിക സഹായം അനിവാര്യമാണ്. അതല്ലെങ്കിൽ പട്ടിണി മരങ്ങൾ വർദ്ധിക്കും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. അതിനാൽ ഇനിയും വൈകാതെ, അടിയന്തിര ഇടപെടൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആന്റണി ആവശ്യപ്പെട്ടു.