pedicure

മുഖസൗന്ദര്യം പോലെ തന്നെ പ്രധാനമായ ഒന്നാണ് പാദങ്ങളുടെ സൗന്ദര്യവും. മുഖത്തിന് വേണ്ടത്ര സംരക്ഷണം നൽകുന്നവർ ഒരുപക്ഷെ പാദങ്ങൾക്ക് അത്രത്തോളം സംരക്ഷണം നൽകിയെന്ന് വരില്ല. വേനൽക്കാലത്താണ് ചർമ്മത്തെ ശ്രദ്ധാപൂർവം സംരക്ഷിക്കേണ്ടത്. നിരവധി പ്രശ്നങ്ങൾ വേനൽക്കാലത്ത് ചർമ്മത്തെ ബാധിച്ചേക്കാം.

പാദങ്ങൾ വേനൽക്കാലത്ത് നല്ലരീതിയിൽ തന്നെ സംരക്ഷിക്കണം. ചൂടു കാരണം പാദത്തിന്റെ നിറം മങ്ങുകയും, ഫംഗസ് ബാധ-ചൊറിച്ചിൽ എന്നിവയുണ്ടാകുകയും ചെയ്യും. മുഖത്തിന് പലതരത്തിലുള്ള സംരക്ഷണങ്ങൾ നൽകുന്നതിനോടോപ്പം പാദങ്ങൾക്കും നൽകിയാലോ?

പാദങ്ങളുടെ ഭംഗി കാത്ത് സൂക്ഷിക്കാൻ

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള വളരെ നല്ല മാർഗമാണ്​. മുട്ടയുടെ വെള്ള എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും​ ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ഇത് ഏതെങ്കിലും തണുപ്പുള്ള സ്ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. അതിനുശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ചെയ്യാവുന്നതാണ്.

ഉപ്പും നാരങ്ങാനീരും ചൂടുവെള്ളത്തിൽ കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. നാരങ്ങയുടെ തോട് ഉപയോഗിച്ച് പാദങ്ങളിൽ ഉരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളറ്റാനും വരണ്ട ചർമ്മം മാറാനും നല്ലതാണ്. ഉപയോഗശൂന്യമായ ടൂത്ത്ബ്രഷ് കൊണ്ട് നഖങ്ങൾ വൃത്തിയാക്കാവുന്നതാണ്. പിന്നീട് പാദങ്ങളിലെ വെള്ളം തുടച്ച് കളഞ്ഞ് ക്രീമോ എള്ളെണ്ണയോ കൊണ്ട് മസാജ് ചെയ്യാം.

തേൻ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഒരു കപ്പ്​ തേൻ ഒരു ബക്കറ്റ്​ ഇളം ചൂട്​ വെള്ളത്തിൽ ​ചേർക്കുക. കാലുകൾ 20 മിനിറ്റ്​ അതിൽ മുക്കിവെക്കുക. സ്പോഞ്ച് ഉപയോഗിച്ച്​ കാലുകൾ വൃത്തിയാക്കുക. ഉറങ്ങുന്നതിന്​ മുമ്പ്​ എല്ലാ ദിവസവും ഇത്​ ആവർത്തിക്കുക.

ഓട്സ് പൊടി പാദം മൃദുവാക്കാൻ ഉപയോഗിക്കാം. രണ്ട്​ ടേബിൾ സ്പൂൺ ഓട്സ് പൊടിയും ഒരു സ്പൂൺ ഒലിവ്​ ഓയിലും ചേർത്ത്​ മിശ്രിതമാക്കുക. ആവശ്യമെങ്കിൽ ഏതാനും തുള്ളി ഒലിവ്​ ഓയിൽ കൂടി ചേർക്കുക. പാദം മുഴുവനും ഇത്​ പുരട്ടുക. പരുക്കനായി തേച്ച് പിടിപ്പിക്കരുത്​. 20 മിനിറ്റിന്​ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഒരു മാസത്തിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിക്കാവുന്നതാണ്.