ഇസ്ളാമാബാദ്: പാകിസ്ഥാനിലെ സ്വതന്ത്ര വൈദ്യുതി നിർമ്മാതാക്കൾ അനധികൃത കച്ചവടങ്ങളിലൂടെ കോടിക്കണക്കിന് പണം സമ്പാദിച്ചു എന്ന ആരോപണത്തിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ച അന്വേഷണം ചൈനീസ് ഇടപെടലുകളെ തുടർന്ന് തകിടംമറിഞ്ഞു. പാകിസ്ഥാന്റെ ചൈനീസ് അമ്പാസിഡറായ യാവോ ജിങ് ശക്തമായ പ്രതികരണം അറിയിച്ചതോടെയാണ് പാകിസ്ഥാന്റെ നടപടി. ഇത്തരം അന്വേഷണങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് നന്നാകില്ല എന്ന് ചൈന മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പ്രത്യേക അന്വേഷണ കമ്മിറ്റി ഇത്തരം ഇടപാടുകളിലൂടെ രാജ്യത്തിന് നാല് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണ്ടെത്തിയത്. തുടർന്ന് ഏപ്രിൽ 21ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ച അന്വേഷണമാണ് ചൈനീസ് ഇടപെടലിൽ രണ്ട് മാസത്തേക്കാണ് നീട്ടിയത്. പല ചൈനീസ് കമ്പനികൾക്കും ഇതിൽ പങ്കുണ്ടെന്നതാണ് കാരണമായി കരുതുന്നത്. പതിനാറോളം സ്വതന്ത്ര കമ്പനികൾ ചിലവാക്കിയതിനെക്കാൾ വൻ തുക ലാഭമായി തിരികെ ലഭിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാകിസ്ഥാനിൽ വൈദ്യുതി നിരക്ക് വളരെയധികം കൂടുതലാണ്. എന്നാൽ കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് ശക്തിപ്പെടുത്താനാണ് ഇപ്പോൾ അന്വേഷണം നീട്ടിവച്ചതെന്ന് പാകിസ്ഥാൻ കേന്ദ്രമന്ത്രി ഷിബിലി ഫറാസ് പറഞ്ഞു.
അന്വേഷണം നീട്ടിവച്ച കാലയളവിൽ ചൈനീസ് കമ്പനികളുമായി കൂടിയാലോചിക്കാനാണ് പാക് ശ്രമം. ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതി പ്രകാരം 17 പദ്ധതികളാണ് വൈദ്യുത മേഖലയിലുള്ളത്. ഇവയിൽ 9 എണ്ണം പ്രവർത്തിക്കുന്നുണ്ട്.