
ഇന്നത്തെ സാഹചര്യത്തിൽ , കൊവിഡിൽ നിന്ന് സ്വയം പരിരക്ഷിക്കാനും നിങ്ങളുടെ ജോലി പൂർത്തിയാക്കാനുമുള്ള ഒരേയൊരു മാർഗ്ഗം വീട്ടിലിരുന്നുള്ള ജോലിയാണ്. നിങ്ങളുടെ മിക്കവാറും ദിവസങ്ങൾ നിങ്ങളുടെ ലാപ്‌ടോപ്പ് സ്‌ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുകയും ഇടവേളകളിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഓഫീസിലുള്ള ജോലി ചെയ്യാനുള്ളൊരു അന്തരീക്ഷവും വീട്ടിലുണ്ടാവില്ല. വർക് ഫ്രം ഹോ അതിനാൽ പലപ്പോഴും കഠിനമായ ശരീരവേദനയിലേക്കും നടുവേദനയിലേക്കും നയിക്കുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ജോലിക്കിടയിൽ പതിവായി ഇടവേളകൾ എടുക്കുക എന്നതാണ്.
വർക്ക് ഫ്രം ഹോ വിരസതയിൽ നിന്ന് നിങ്ങളുടെ ശരീരത്തെ മോചിപ്പിക്കാൻചില ലഘു വ്യായാമങ്ങൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. നിങ്ങൾക്കായി ഒരു ഷെഡ്യൂൾ സജ്ജമാക്കി നിങ്ങളുടെ ജോലിയിൽ നിന്ന് 5 - 10 മിനിറ്റ് ഇടവേളകൾ എടുക്കുക. ഈ സമയങ്ങളിൽ ചില സ്‌ട്രെച്ചിംഗ് വ്യായാമങ്ങൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ലഘുവായ സ്‌ട്രെച്ചിംഗ് വ്യായാമങ്ങളിലൂടെ ശരീരം ഒരുപരിധി വരെ ഊർജ്ജസ്വലമായി നിലനിർത്താനും സാധിക്കും. ഓരോ തവണ സ്‌ട്രെച്ചിംഗ് ചെയ്യുമ്പോഴും ശരീരത്തിലെ രക്തയോട്ടം ക്രമപ്പെട്ട് മസിലുകൾക്ക് ആയാസം ലഭിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ലളിതമായ സ്‌ട്രെച്ചിംഗ് വ്യായാമങ്ങൾ നോക്കാം.
ഫോർവേഡ് ഹാംഗ്
നീണ്ട ജോലി സമയം കാരണം നടുവേദന അനുഭവിക്കുന്ന എല്ലാവർക്കും, സ്‌ട്രെച്ചിംഗ് വ്യായാമമായി ഫോർവേഡ് ഹാംഗ് ചെയ്യാവുന്നതാണ്. മുട്ടുകുത്തി ചെറുതായി ശരീരം വളച്ച് നേരെ നിൽക്കുക മാത്രമാണ് ചെയ്യേണ്ടത്. മുന്നോട്ട് കുതിക്കുമ്പോൾ, കൈകൾ നിങ്ങളുടെ പുറകിൽ പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്. മുഖം കാൽമുട്ടിന് മുകളിലായിരിക്കണം.
സ്റ്റാൻഡിംഗ് സൈഡ് സ്‌ട്രെച്ച്
നിങ്ങളുടെ കാലുകൾ അടുപ്പിച്ചു വച്ച് നിവർന്നു നിൽക്കുക. ആദ്യം വലതു കൈ ഇടുപ്പിൽ താങ്ങി, ഇടതു കൈ മുകളിലേക്കുയർത്തി വശങ്ങളിലേക്ക് നീക്കുക. ശേഷം ഇടതു കൈ ഇടുപ്പിൽ താങ്ങി വലതു കൈയും ഇതുപോലെ ചെയ്യുക. ഈ വ്യായാമത്തിൽ ഇടുപ്പിൽ നിന്ന് മുകളിലേക്കുള്ള നിങ്ങളുടെ ശരീരഭാഗം സ്‌ട്രെച്ച് ചെയ്യപ്പെടുന്നു.
ബാക്ക് ട്വിസ്റ്റുകൾ
ബാക്ക് ട്വിസ്റ്റുകൾ നിങ്ങളുടെ പേശികളുടെ വേദന ശമിപ്പിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിനായി, നിങ്ങൾ കാലുകൾ ഒരു നിശ്ചിത അകലത്തിൽ വശങ്ങളിലേക്ക് നീട്ടി വയ്ക്കുക. നടു കുനിച്ച് കൈകൾ താഴോട്ടാക്കി, വലതു കൈ ഇടതു കാലിലേക്ക് നീട്ടിയും ഇടതു കൈ വലതു കാലിലേക്ക് നീട്ടിയും നിങ്ങളുടെ ശരീരം ട്വിസ്റ്റ് ചെയ്യുക. നിങ്ങളുടെ പുറം ഭാഗത്തിന് ചേർന്ന മികച്ച വ്യായാമമാണിത്.
ക്വാഡ് സ്‌ട്രെച്ച്
കൂടുതൽ നേരം ഇരിക്കുന്നത് പലപ്പോഴും കാലിലെ മരവിപ്പിലേക്ക് നയിച്ചേക്കാം, ഇത് തടയാൻ കൃത്യമായ ഇടവേളകളിൽ ക്വാഡ് സ്‌ട്രെച്ച് ചെയ്യുന്നത് നന്നായിരിക്കും. കാലിന്റെ വേദന തടയാൻ സഹായിക്കുന്നതിന് ക്വാഡ് സ്‌ട്രെച്ച് ഗുണം ചെയ്യും. ഈ സ്‌ട്രെച്ചിംഗിനായി നിങ്ങൾ കാലുകളിൽ നേരെ നിൽക്കുക. ശേഷം ഇടത് കാൽ പതുക്കെ പിന്നിലേക്ക് വളയ്ക്കുക, ഇടതു കൈ കൊണ്ട് ഈ കാൽ വശങ്ങളിൽ ചേർത്ത് പിടിച്ച് സ്‌ട്രെച്ച് ചെയ്യുക. കുറച്ച് നേരം ഇങ്ങനെ പിടിച്ച് നില്‍ക്കുക. വലതു കാലിലും ഇത് ആവർത്തിക്കുക.
കഴുത്ത്
ഏറെ നേരം കംപ്യൂട്ടറിനു മുന്നിൽ നടുവും വളച്ച് കുനിഞ്ഞിരിക്കുന്നത് കഴുത്ത് വേദനക്ക് കാരണമാകുന്നു. ഈ വേദന തലയുടെ മറ്റു ഭാഗങ്ങളിലേക്കും പടരാം. ഇടയ്ക്കിടെ കഴുത്ത് ഉയർത്തി വശങ്ങളിലേക്കും മുകളിലേക്കും നോക്കുന്നത് നല്ലതാണ്. കഴുത്ത് ഇടയ്ക്കിടെ തിരിക്കുകയും ചെയ്യുക. കഴുത്തിനൊപ്പം തന്നെ നിങ്ങളുടെ തോളിനും വേണം വ്യായാമം.
ഷോൾഡർ
ഇടുപ്പിൽ കൈകൾ താങ്ങി രണ്ട് ഷോൾഡറും മുന്നോട്ടും പിന്നോട്ടും കറക്കുന്നത് തോളിലെ പേശികൾക്ക് ആശ്വാസം നൽകും. അതുപോലെ ഇരിപ്പിൽ തന്നെ ഇരുകൈകളും മുകളിലേക്കുയർത്തി കൈപത്തികൾ ചേർത്തുപിടിച്ച് വലത്തോട്ടും ഇടത്തോട്ടും സ്‌ട്രെച്ച് ചെയ്യുന്നതും ഷോൾഡറിന് ആയാസം നല്‍കും