cm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ‌് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്കാണ്. ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ദുബായിയില്‍നിന്ന് കോഴിക്കോട്ടും അബുദാബിയില്‍നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 17 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 23,930 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇങ്ങോട്ടുവരുന്നവരും സുരക്ഷാ സംവിധാനങ്ങളും പൂർണ ജാഗ്രതയോടെ തുടരണം. ലോകത്തിന്റെ ഏതുഭാഗത്തു കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാൻ പ്രതിജ്ഞാ ബദ്ധമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയാറെടുപ്പുകൾ സർക്കാർ നടത്തി. കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. വരുന്നവരുടെ മുൻഗണനാ ക്രമം, എത്രപേർ വരണം, ഏതു വിമാനത്താവളത്തിൽ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്.

സംസ്ഥാനത്തേക്ക് വരുന്നവരുടെ മുൻഗണനാ ക്രമം, എത്രപേർ വരണം, ഏതു വിമാനത്താവളത്തിൽ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്. നാട്ടിലെത്തുന്നവർക്കുള്ള സൗകര്യം ഒരുക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിനായി എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയമിച്ചു.

പാസില്ലാതെ സംസ്ഥാനത്തേക്ക് വരുന്നവരെ കടത്തിവിടില്ല. മുൻഗണനാക്രമത്തിൽ പാസ് അനുവദിച്ചിട്ടുണ്ട്. പാസ് വിതരണം നിറുത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ എത്തിക്കാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി. ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്നാണെന്നും വിദ്യാർത്ഥികൾക്ക് പരിഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച പൊതുഅവധി ആയിരിക്കും. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് അനുബന്ധമായ പ്രവർത്തകർക്കും മാത്രമാണ് സഞ്ചാരത്തിനുള്ള അനുവാദം. പാൽ, പത്രം, ആശുപത്രി, ലാബുകൾ ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടർ, മാലിന്യനിർമാർജന വിഭാഗം എന്നിവയ്ക്ക് പ്രവർത്തിക്കാം.