ന്യൂഡൽഹി: വായ്‌പ മനഃപൂർവം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ മൂന്നു പേർക്കെതിരെ എസ്.ബി.ഐ നൽകിയ പരാതിയിൽ സി.ബി.ഐ കേസെടുത്തു. ബസുമതി അരിയുടെ കയറ്റുമതിക്കാരായ രാംദേവ് ഇന്റർനാഷണലിന്റെ ഡയറക്‌ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവരാണ് എസ്.ബി.ഐ ഉൾപ്പെടുന്ന ആറു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുന്ന 411 കോടി രൂപയുടെ വായ്‌പ തിരിച്ചടയ്ക്കാതെ കടന്നത്. ഇതിൽ എസ്.ബി.ഐക്ക് കിട്ടാനുള്ളത് 173.11 കോടി രൂപയാണ്.
യൂറോപ്പിലേക്കും പടിഞ്ഞാറൻ ഏഷ്യയിലേക്കുമാണ് കമ്പനി അരി അയച്ചിരുന്നത്. ഹരിയാനയിലെ കർണാൽ ജില്ലയിൽ മൂന്നു മില്ലിംഗ് പ്ലാന്റുകളും എട്ട് യൂണിറ്റുകളുമുള്ള കമ്പനിക്ക് റിയാദിലും ദുബായിലും ഓഫീസുകളുണ്ട്. 2016 ജനുവരിയിലാണ് ഇവരുടെ വായ്‌പ കിട്ടാക്കടമായത്.
പ്ളാന്റിലെ മെഷീനറികൾ ബാങ്കുകളെ അറിയിക്കാതെ വിൽക്കുകയും കണക്കുബുക്കിൽ കൃത്രിമം കാട്ടുകയും ചെയ്‌ത ശേഷമാണ് ഡയറക്‌ടർമാർ മുങ്ങിയതെന്ന് ബാങ്കുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ്, കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കുകൾ സി.ബി.ഐയെ സമീപിച്ചത്. കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ഐ.ഡി.ബി.ഐ., സെൻട്രൽ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് ബാങ്കുകൾ. മുങ്ങിയവരെ കണ്ടെത്താൻ ഉടൻ ഇന്റർപോളിനെ സമീപിക്കുമെന്ന് സി.ബി.ഐ പറഞ്ഞു.