isl

ഐ.എസ്.എല്ലിൽ വിദേശകളിക്കാരുടെ എണ്ണം നാലായി കുറച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ലീ​ഗുകളിൽ വി​ദേ​ശ താ​ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​നു​ള്ള ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ നി​ർദ്ദേ​ശം ന​ട​പ്പാ​ക്കാ​ൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ടെ​ക്​​നി​ക്ക​ൽ ക​മ്മി​റ്റി​ ശുപാർശ ചെയ്തു. ഇ​തു പ്ര​കാ​രം ഐ.​എ​സ്.​എല്ലിലും ഐ ലീ​ഗി​ലും പ്ളേയിംഗ് ഇ​ല​വ​നി​ലെ വി​ദേ​ശ താ​ര​ങ്ങ​ളു​ടെ എ​ണ്ണം അ​ഞ്ചി​ൽ നി​ന്ന്​ നാ​ലാ​യി ചു​രു​ങ്ങും. നാല് വിദേശികളിൽ ഒരാൾ ഏഷ്യൻ താരമായിരിക്കണമെന്നും നിർബന്ധമുണ്ട്. അടുത്ത സീസൺ മുതലാണ് പുതിയ നിയമം നിലവിൽ വരിക. ഇ​ന്ത്യ​ൻ ടീമിന്റെ കോ​ച്ച്​ ഇ​ഗോ​ർ സ്​​റ്റി​മാ​ച്ചാണ് ഇൗ പരിഷ്കാരം കൊണ്ടുവരാൻ എ.ഐ.എഫ്.എഫിന് മേൽ തുടക്കം മുതൽ സമ്മർദ്ദം ചെലുത്തിയത്.

ഐ.എസ്.എല്ലിൽ വിദേശതാരങ്ങൾ കൂടുതൽ കളിക്കുന്നത് കൊണ്ട് ഇന്ത്യൻ ഫുട്ബാളിന് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് മാർച്ചിൽ നൽകിയ ഒരു അഭിമുഖത്തിൽ സ്റ്റിമാച്ച് പറഞ്ഞിരുന്നു.ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം നൽകിയാലേ ദേശീയ ടീമിലേക്ക് കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ചിന്റെ ഇൗ നിർദ്ദേശം ഫെഡറേഷൻ മുഖവിലയ്ക്ക് എടുക്കുകയും ഇതിന്മേൽ ചർച്ച നടത്താൻ ടെ‌ക്‌നിക്കൽ കമ്മറ്റിയെ ഏൽപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ചേ​ർ​ന്ന ടെ​ക്​​നി​ക്ക​ൽ ക​മ്മി​റ്റി​യാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇത് എ.ഐ.എഫ് .എഫ് എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കും.

സുനിൽ ഛെത്രിയെപ്പോലുള്ള കളിക്കാർ ഇന്ത്യയിൽ നിന്ന് വളർന്നുവരണമെങ്കിൽ ഇവിടുത്തെ ലീഗുകളിൽ വിദേശ താരങ്ങളെ കുറച്ച് നാട്ടിലുള്ളവർക്ക് അവസരം നൽകണം. - ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച്