റായ്‌പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്.കെ ശർമയാണ് കൊല്ലപ്പെട്ടത്. രാജേന്ദ്രഗാവ് ജില്ലയിലെ പർദോനിയിലെ വനമേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ പൊലീസ് സംഘത്തിന് നേരെ വെടി വയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടി വച്ചു.
കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്. രണ്ട് പേർ സി.പി.ഐ (മാവോയിസ്റ്റ്) ഡിവിഷണൽ,ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നും ഇവരിൽ നിന്നും എ.കെ 47, എസ്.എൽ.ആർ, റൈഫിളുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും രാജേന്ദ്രഗാവ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.