റായ്‌പൂർ: ഛത്തീസ്ഗഡിലെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന് റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ആദ്യം ഗുരുതരമായിരുന്നു. പിന്നീട് ഇ.സി.ജി സാധാരണ നിലയിലേക്ക് എത്തിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഭാര്യ രേണു ജോഗി, മകൻ അമിത് ജോഗി എന്നിവർ ആശുപത്രിയിലുണ്ട്. വീട്ടിൽ കഴിയവെ ശനിയാഴ്ച രാവിലെയാണ് 74 കാരനായ അജിത് ജോഗിക്ക് ഹൃദയാഘാതമുണ്ടായത്.
അച്ഛൻ 48 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്ന കാര്യം തീരുമാനിക്കുമെന്നും അമിത് ജോഗി പറഞ്ഞു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും മറ്റ് മുതിർന്ന രാഷ്ട്രീയ നേതാക്കളും ജോഗിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയതിന് അജിത് ജോഗിയേയും മകനേയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് എന്ന പേരിൽ ജോഗി പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.