stimulus-package

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്ആഘാതത്തിൽ നിന്ന് കരകയറാൻ കേന്ദ്രസർക്കാർ 15 ലക്ഷം കോടി രൂപയുടെ (ജി.ഡി.പിയുടെ 7.5 ശതമാനം) രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് കോർപ്പറേറ്ര് ലോകം ആവശ്യപ്പെട്ടു. വ്യവസായ-വാണിജ്യ മേഖലയ്ക്ക്, പ്രത്യേകിച്ച് ചെറുകിട ബിസിനസുകൾക്ക് പാക്കേജിൽ പ്രാമുഖ്യം നൽകണമെന്നാണ് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രിയുടെ (സി.ഐ.ഐ) ആവശ്യം.

ഇന്ത്യയിലെ 6.30 കോടിയോളം വരുന്ന എം.എസ്.എം.ഇകൾ 50 ദിവസത്തിലേറെ നീണ്ട ലോക്ക്ഡൗണിൽ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. ഇവർക്ക് വായ്‌പയുടെ 60-70 ശതമാനം സർക്കാർ ഗാരന്റിയോടെ, ക്രെഡിറ്ര് പ്രൊട്ടക്ഷൻ സ്‌കീം പ്രഖ്യാപിക്കണം. വായ്‌പ എടുത്ത സംരംഭകന് അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഗ്യാരന്റി ചെയ്‌തത്ര തുക സർക്കാർ അടയ്ക്കുന്നതാണ് സ്‌കീം. ബാങ്കുകൾക്കും സംരംഭകനും ഒരുപോലെ ആശ്വാസം പകരുന്നതായിരിക്കും ഈ സ്‌കീമെന്ന് സി.ഐ.ഐ പ്രസിഡന്റ് വിക്രം കിർലോസ്‌ക‌ർ പറഞ്ഞു.

കഴിഞ്ഞ മാ‌ർച്ച് വാരാന്ത്യം ധനമന്ത്രി നിർമ്മല സീതാരാമൻ 1.70 ലക്ഷം കോടി രൂപയുടെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇത് ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണെന്നും മറ്റു പ്രമുഖ രാജ്യങ്ങൾ പ്രഖ്യാപിച്ച പാക്കേജിനെ അപേക്ഷിച്ച് നന്നേ കുറവാണെന്നും വിമർശനം ഉയർന്നിരുന്നു. ചെറുകിട ബിസിനസുകൾക്കും കുടിയേറ്റ തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും പ്രധാന്യമേകുന്ന രണ്ടാം രക്ഷാപാക്കേജ് വൈകാതെ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ആദ്യ പാക്കേജിലേതിന് സമാനമായി ജൻധൻ അക്കൗണ്ട് ഉടമകൾക്കും കുടിയേറ്റ തൊഴിലാളികൾക്കും മൊത്തം രണ്ടുലക്ഷം കോടി രൂപയുടെ ധനസഹായം നൽകണമെന്നും സി.ഐ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സംരംഭങ്ങൾക്ക് ജീവനക്കാരുടെ വേതനം നൽകാനായി സർക്കാർ ഗ്യാരന്റിയോടെ, രണ്ടു ലക്ഷം കോടി രൂപയുടെ അധിക പ്രവർത്തന മൂലധന വായ്‌പ നൽകണമെന്നും ആവശ്യമുണ്ട്.

₹12 ലക്ഷം കോടി കടം

വാങ്ങാൻ സർക്കാർ

നടപ്പുവർഷം (2020-21) കേന്ദ്രസർക്കാർ 12 ലക്ഷം കോടി രൂപ കടമെടുക്കും. 7.8 ലക്ഷം കോടി രൂപ കടമെടുക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കൊവിഡ് മൂലം സമ്പദ് പ്രതിസന്ധി വർദ്ധിച്ചതാണ് തുക കൂട്ടാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. കടപ്പത്രങ്ങളിലൂടെയാകും പണം സമാഹിക്കുക.