മുംബയ്∙ കൊവിഡ് പ്രതിസന്ധി തുടരുന്ന മുംബയ്‌യിൽ ദിവസ വേതനക്കാരും കുട്ടികളും ഉൾപ്പെടെ 4000 ആളുകൾക്ക് വീണ്ടും സഹായമെത്തിച്ച് സൂപ്പർതാരം സച്ചിൻ ടെൻഡുൽക്കർ. ബൃഹൻമുംബൈ മുൻസിപ്പൽ കോർപറേഷന്റെ പരിധിയിൽ വരുന്ന 4000 പേർക്കാണ് സച്ചിന്റെ സഹായം. എച്ച്ഐ5 (Hi5) യൂത്ത് ഫൗണ്ടഷനിലൂടെയാണ് സച്ചിന്‍ സഹായമെത്തിച്ചത്. ഫൗണ്ടേഷൻ സച്ചിന്റെ സഹായത്തിന് നന്ദിയറിയിച്ച് നടത്തിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പരസ്യമായത്. തുക വെളിപ്പെടുത്തിയില്ലെങ്കിലും സച്ചിന്റെ കരുതൽകൊണ്ട് 4000 പേർക്ക് സഹായമെത്തിച്ചതായി ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തു.
മുംബയ്‌യിലെ ജനങ്ങൾക്ക് സച്ചിൻ സഹായമെത്തിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം 5000ത്തോളം ആളുകൾക്ക് റേഷൻ എത്തിക്കാനുള്ള യജ്ഞത്തിൽ സച്ചിനും പങ്കാളിയായിരുന്നു. 50 ലക്ഷം രൂപ സച്ചിൻ സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകിയത്