കോഴിക്കോട്: കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് പ്രവാസികളുമായി മടങ്ങിയെത്തിയ വിമാനത്തിലെ യാത്രക്കാർ
മേയ് ഏഴിന് ദുബായിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ എത്തിയ പ്രവാസിയാണ് രോഗം സ്ഥിരീകരിച്ച ആദ്യത്തെയാൾ. മലപ്പുറം കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശിയായ ഈ 39കാരൻ വൃക്ക രോഗി കൂടിയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഇയാളെ മാറ്റിയിരുന്നു. പിന്നീട് നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 13 പേരെ തിരിച്ചറിഞ്ഞ് കൊവിഡ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
മലപ്പുറത്തെ തന്നെ എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ മേയ് 7ന് നെടുമ്പാശ്ശേരിയിൽ എത്തിയ ഇയാളെ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിനെ തുടർന്ന് കളമശേരി ഗവ.മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്തിൽ ഒപ്പം യാത്ര ചെയ്തവർ അല്ലാതെ ഇരുവരുടേയും സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരില്ലെന്നാണ് കരുതുന്നത്.