തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക പാസുമായി വരുന്നവർക്കേ അതിർത്തി കടക്കാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതല്ലെങ്കിൽ രോഗവ്യാപനം തടയാൻ സമൂഹം ചെയ്യുന്ന ത്യാഗം നിഷ്ഫലമാകും.പാസില്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തി ഇങ്ങോട്ട് കടക്കാനാകാതെ വിഷമിക്കുന്നതുൾപ്പെടെ പ്രശ്നങ്ങൾ നേരത്തേ പരിഹരിച്ചു. പക്ഷേ അതിനി തുടരാനാവില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ചില ക്രമീകരണങ്ങൾക്ക് വിധേയരാകണം. മുൻഗണനാ പട്ടികയിൽ പെട്ടവരും സ്വന്തം വാഹനമുള്ളവരുമാണ് എത്തുന്നത്.വിദൂരസ്ഥലങ്ങളിൽ കുടുങ്ങിയവരെ ട്രെയിനുകളിലെത്തിക്കാൻ ശ്രമിക്കുന്നു. ഡൽഹിയിൽ നിന്ന് ഉൾപ്പെടെ ട്രെയിൻ ഉടൻ പുറപ്പെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾക്കാകും ഇതിൽ മുൻഗണന. സബർമതി, മുംബയ്, ബംഗളൂരു, ചെന്നൈ നഗരങ്ങളിൽ നിന്നും ട്രെയിൻ ഉണ്ടാകും.വരുന്ന ഓരോരുത്തർക്കും പരിശോധനയും പരിചരണവും നിരീക്ഷണവുമുറപ്പാക്കണം. അതിർത്തിയിൽ വല്ലാതെ തിക്കുംതിരക്കും ഉണ്ടാക്കുക, ആരോഗ്യവിവരങ്ങൾ മറച്ചുവയ്ക്കുക, അനധികൃത മാർഗങ്ങളിലൂടെ വരാൻ ശ്രമിക്കുക എന്നിവ തടഞ്ഞില്ലെങ്കിൽ ആപത്തിലേക്ക് നീങ്ങും. എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകണം, എത്തിച്ചേരുന്നിടത്തുള്ള സൗകര്യങ്ങൾ എന്നിവയെപ്പറ്റി സർക്കാരിന് കൃത്യമായ ധാരണ കിട്ടണം. അതൊന്നുമുറപ്പാകാതെ എല്ലാവർക്കും കടന്നുവരണമെന്ന ആവശ്യം അംഗീകരിക്കില്ല. ആളുകളുടെ പ്രയാസം സർക്കാർ മനസിലാക്കുന്നു. അതു മുതലെടുത്തുള്ള പ്രചാരണങ്ങൾ പാടില്ല.അതിർത്തി കടന്നുവരുന്നയാൾ എത്തേണ്ടിടത്ത് എത്തുന്നെന്ന് പൊലീസ് ഉറപ്പാക്കണം. ഇല്ലെങ്കിലത് ചട്ടലംഘനമാകും. കർശന ഇടപെടലുമുണ്ടാകും.
പാസ് വിതരണം നിറുത്തിയില്ല
സംസ്ഥാനത്തേക്കുള്ള പാസ് വിതരണം നിറുത്തിയിട്ടില്ല. രജിസ്റ്റർ ചെയ്ത എല്ലാവർക്കും എത്തിച്ചേരേണ്ട സമയം കൃത്യമായി നിശ്ചയിച്ച് അറിയിക്കുന്നുണ്ട്. പാസിലെ തീയതി മാറിയാലും കാരണങ്ങൾ ബോദ്ധ്യപ്പെടുത്തിയാൽ കടത്തിവിടും. പാസിൽ പറഞ്ഞ സമയത്തേ അതിർത്തിയിലെത്താവൂ. പാസിന് അപേക്ഷിക്കുക പോലും ചെയ്യാതെ എത്തുന്നവരുണ്ട്. അത് ക്രമീകരണങ്ങളുടെ താളം തെറ്റിക്കും. പാസില്ലാത്തവരെ തിരിച്ചയയ്ക്കാനേ പറ്റൂ.
വീട്ടിൽ നിരീക്ഷണം
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന എല്ലാവരും വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. റെഡ് സോണുകളിൽ നിന്നെത്തുന്നവരെ നേരത്തേ സർക്കാർ കെയർ സെന്ററുകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഡോ.ബി. ഇക്ബാൽ അദ്ധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീട്ടിലെ നിരീക്ഷണം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഹെൽപ്പ് ഡെസ്കുകൾ
പ്രവാസി കേരളീയരുടെ സേവനത്തിനായി ഡൽഹി, മുംബയ് കേരള ഹൗസുകളിലും, ചെന്നൈയിലും ബംഗളൂരുവിലും നോർക്ക ഓഫീസുകൾ കേന്ദ്രീകരിച്ചും ഹെൽപ്പ് ഡെസ്ക് ഒരുക്കി. നാല് കേന്ദ്രങ്ങളിലും കാൾ സെന്ററുകളുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെയെത്തിക്കാൻ സന്നദ്ധരായ ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാരുടെ 493 വാഹനങ്ങൾ ടൂറിസം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാസ് വിതരണം രണ്ടു
ദിവസത്തിനകം വീണ്ടും
തിരുവനന്തപുരം: മറ്രു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് നാട്ടിലേക്ക് വരാനുള്ള ഡിജിറ്റൽ പാസ് വിതരണം നിറുത്തിയിട്ടില്ലെന്നും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതാണെന്നും സർക്കാർ വിശദീകരണം. രണ്ടു ദിവസത്തിനുള്ളിൽ പാസ് വിതരണം പുനരാരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.കൊവിഡ് ജാഗ്രതാ പോർട്ടൽ വഴി അപേക്ഷിച്ച 85,000 പേരിൽ 45,000 പേർക്കാണ് പാസ് നൽകിയത്. ഇവരിൽ 22,000 പേർ വന്നുകഴിഞ്ഞു. ബാക്കി 23,000 പേർക്കേ 18വരെ വരാൻ കഴിയൂ. അതിർത്തിയിലെ ഓരോ കേന്ദ്രത്തിലൂടെയും ക്വാറന്റൈൻ സൗകര്യത്തിനനുസരിച്ച് ഒരു നിശ്ചിത എണ്ണം ആളുകളെ മാത്രമേ കടത്തിവിടാൻ കഴിയൂ.