warner-family

സിഡ്നി : ആസ്ട്രേലിയൻ ഒാപ്പണർ ഡേവിഡ് വാർണർ കളിക്കളത്തിൽ വെടിക്കെട്ട് ഇന്നിംഗ്സുകൾക്ക് ഉടമയാണ്.ടെസ്റ്റോ വൺ ഡേയോ ട്വന്റി-20യോ ഏതുമാകട്ടെ സ്വതസിദ്ധ ശൈലിയിൽ തകർപ്പൻ ഷോട്ടുകൾ പായിച്ച് അതിവേഗത്തിൽ റൺസ് സ്കോർ ചെയ്യുന്ന വാർണർ എതിർ ടീമുകളിലെ ബൗളർമാർക്ക് പേടിസ്വപ്നമാണ്. പന്തുരയ്ക്കൽ വിവാദത്തിലെ വിലക്കുകാലം കഴിഞ്ഞ് മടങ്ങിയതെത്തിയ വാർണർ താൻ ഇപ്പോഴും ആ പഴയ ഒാപ്പണറാണെന്ന് തെളിയിക്കുകയും ചെയ്തു.കൊവിഡ് അവതരിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ഐ.പി.എല്ലിൽ വാർണറുടെ വെടിക്കെട്ടുകൾ പലകുറി കാണാമായിരുന്നു.

ക്രിക്കറ്റ് കളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെങ്കിലും ആസ്ട്രേലിയയിലെ വീട്ടിലിരുന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് വാർണർ. ഒറ്റയ്ക്കല്ല ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് ടിക്ക് ടോക്കിലെ വീഡിയോ അഭ്യാസങ്ങൾ. തമിഴ്, തെലുങ്ക് , ഹിന്ദി സിനിമകളിലെ പാട്ടുകൾക്ക് ടിക്ടോക്ക് ഫാമിലി ഡാൻസ് ഒരുക്കുന്നതിലുപരി ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലും ഗ്രൂപ്പ് ചാറ്റുകളിലും സജീവമാണ്.

കഴിഞ്ഞ ദിവസം ഇന്ത്യൻ ഒാപ്പണർ രോഹിത് ശർമ്മയുമായി വാർണർ നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ

ഒാപ്പണിംഗ് വലിയ ജോലി

വിരാട് കൊഹ്‌ലിയെയും സ്റ്റീവ് സ്മിത്തിനെയും മികച്ച താരങ്ങളാക്കി മാറ്റുന്നത് നമ്മളെപ്പോലുള്ള ഒാപ്പണർമാരല്ലേ എന്നായിരുന്നു ചാറ്റിൽ രോഹിതിനോടുള്ള ചോദ്യം. അതിന് മറുപടിയും വാർണർ തന്നെ നൽകി. ‘ പന്തിന്റെ തിളക്കം കളഞ്ഞ് അവർക്ക് മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നത് നമ്മളല്ലേ? ഓപ്പണർമാരെന്ന നിലയിൽ നമ്മുടെ ജോലി വളരെ വലുതാണ്’ – വാർണർ തമാശരൂപേണ പറഞ്ഞു.

ആസ്ട്രേലിയ, ഇന്ത്യ ടീമുകളുടെ ഓപ്പണർമാരാണ് വാർണറും രോഹിത്തും. മത്സരത്തിന്റെ ആരംഭത്തിൽ എതിർ ടീമിന്റെ മുഖ്യ ബൗളർമാരെ നേരിടുന്നത് ഇവരുടെ ചുമതലയാണ്. ഇരുവരും ചേർന്ന് അടിച്ചു പതംവരുത്തിയ പന്താണ് സ്മിത്തിനും കൊഹ്‌ലിക്കും കിട്ടുന്നത്. ഇതോടെ അവരുടെ ജോലി താരതമ്യേന എളുപ്പമാകും എന്നാണ് വാർണറുടെ അവകാശവാദം.

മധ്യനിരയിൽ തുടക്കം

ഇപ്പോൾ ലോകത്തിലെ ഏറ്റവും ക്രിക്കറ്റിലെ വിനാശകാരികളായ ഓപ്പണർമാരെങ്കിലും ഇരുവരുടെയും തുടക്കകാലം മധ്യനിര ബാറ്റ്സ്മാൻമാരായിരുന്നു. ആദ്യമായി ഓപ്പണറുടെ വേഷമണി‍ഞ്ഞതിനെക്കുറിച്ച് വാർണർ രോഹിത്തിനോടു പറഞ്ഞതിങ്ങനെ.. ‘സത്യത്തിൽ ആരംഭകാലത്ത് ഞാൻ മധ്യനിരയിലാണ് ബാറ്റു ചെയ്തിരുന്നത്. 2009ൽ ന്യൂസൗത്ത് വെയിൽസിനു കളിക്കുന്ന കാലത്ത് ക്യാപ്ടനായിരുന്ന ഡൊമിനിക് തോൺലിയാണ് ഫിലിപ് ഹ്യൂസിനൊപ്പം ഓപ്പണറാകാൻ ആദ്യമായി ആവശ്യപ്പെട്ടത്.

ഉപേക്ഷിച്ച ബൗളിംഗ്

ഒാപ്പണർ ആയിമാറിയ ശേഷമാണ് താൻ ബൗളിംഗ് പൂർണമായും ഉപേക്ഷിച്ചതെന്ന് വാർണർ പറഞ്ഞു.അതുവരെ അത്യാവശ്യം ബൗളിംഗും നടത്തിയിരുന്നു. അതേസമയം ഇപ്പോഴത്തെ തന്റെ ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിനെതിരെ 2009 സീസണിൽ ഹാട്രിക് നേടിയ കാര്യം രോഹിത് ശർമയും അനുസ്മരിച്ചു. അന്ന് ഡെക്കാൻ ചാർജേഴ്സിന്റെ (ഇപ്പോഴത്തെ സൺറൈസേഴ്സ് ഹൈദരാബാദ്) താരമായിരുന്നു രോഹിത്. മുംബൈ താരങ്ങളായ അഭിഷേക് നായർ, ഹർഭജൻ സിങ്, ജെ.പി. ഡുമിനി എന്നിവരെ പുറത്താക്കിയാണ് രോഹിത് ഹാട്രിക് നേടിയത്. ‘അന്ന് പുറത്താക്കിയവരെല്ലാം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നവരായിരുന്നു. പിന്നീട് വിരലിനു പരുക്കേറ്റതിനുശേഷമാണ് ഞാൻ ബൗളിംഗ് നിർത്തിയത്’ – രോഹിത് പറഞ്ഞു.

ഫിഞ്ച്, ധവാൻ

ഓപ്പണിംഗിൽ സ്ഥിരം പങ്കാളികളായ ആരോൺ ഫിഞ്ച്, ശിഖർ ധവാൻ എന്നിവരെക്കുറിച്ചും ഇരുവരും മനസ്സു തുറന്നു. ആസ്ട്രേലിയൻ ടീമിൽ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന വാർണറിന്റെ ഐപിഎല്ലിലെ ഓപ്പണിംഗ് പങ്കാളിയാണ് ധവാൻ. അതേസമയം, ഏകദിനത്തിലും ട്വന്റി20യിലും ലോകത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തിലൊന്നാണ് രോഹിത്തും ധവാനും.

കളത്തിലിറങ്ങുമ്പോൾ ആദ്യ പന്തു നേരിടുന്ന കാര്യത്തിൽ വൈമുഖ്യമുള്ളവരാണ് ഇരുവരുമെന്ന് വാർണറും രോഹിത്തും അനുസ്മരിച്ചു. ‘ഓപ്പണറെന്ന നിലയിൽ എന്റെ രണ്ടാമത്തെ മത്സരം 2013 ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു. ഞാനാണെങ്കിൽ മോണി മോർക്കലിനെയും ഡെയ്ൽ സ്റ്റെയ്നെയും നേരിട്ടിട്ടുമില്ല. അതുകൊണ്ട് ആദ്യ പന്ത് നേരിടാൻ ധവാനോട് ആവശ്യപ്പെട്ടു. പക്ഷേ, എനിക്കാണ് കൂടുതൽ അനുഭവസമ്പത്തെന്ന് പറഞ്ഞ് ധവാൻ പതുക്കെ വലിഞ്ഞു. ഞാൻ മോണി‍ മോർക്കൽ എറിഞ്ഞ ആദ്യ മൂന്നു പന്തുകൾ കണ്ടുകൂടിയില്ല’ – രോഹിത് വെളിപ്പെടുത്തി.ഇടംകയ്യൻമാരാണ് ബോളിങ് തുടങ്ങുന്നതെങ്കിൽ ഫിഞ്ചും ആദ്യ പന്തു നേരിടാൻ മടിക്കാറുണ്ടെന്ന് വാർണറും വെളിപ്പെടുത്തി.

ടിക് ടോകിൽ 'ഇഞ്ചി ഇടുപ്പഴകി'

ടിക് ടോകിൽ വാർണറും ഭാര്യ കാൻഡിസും മകൾ ഇൻഡിയും നൃത്തം ചെയ്യുന്ന പുതിയ വീഡിയോയും തരംഗമായി. കമൽഹാസൻ അഭിനയിച്ച 'തേവർ മകൻ' എന്ന ചിത്രത്തിലെ 'ഇഞ്ചി ഇടുപ്പഴകി' എന്ന പാട്ടാണ് വാർണർ ചുവടുവെയ്ക്കാൻ തിരഞ്ഞെടുത്തത്. ഇളയരാജയാണ് ഈ പാട്ടിന് സംഗീതമൊരുക്കിയത്. കൂളിങ് ഗ്ലാസ് വെച്ചാണ് വാർണറുടേയും ഭാര്യയുടേയും നൃത്തച്ചുവടുകൾ.

'ഞങ്ങൾ തിരിച്ചുവന്നു' എന്ന കുറിപ്പോടെ വാർണർ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരാധകരുടെ കമന്റുകൾ കൊണ്ട് വാർണറുടെ ഇൻസ്റ്റാ പോസ്റ്റ് നിറഞ്ഞു.

നേരത്തെ കത്രീന കൈഫ് അഭിനയിച്ച ഷീല കി ജവാനി എന്ന പാട്ടിന് അനുസരിച്ച് വാർണറും മകളും നൃത്തമാടിയിരുന്നു. അല്ലു അർജുന്റെ തെലുങ്ക് പാട്ടിനേയും വാർണർ വെറുതേ വിട്ടിരുന്നില്ല.