shramik-train

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ട്രെയിൻമാർഗം നാട്ടിലെത്തിക്കാൻ ശ്രമിക്കാത്തതിൽ വിമർശനവുമായി കെ.എസ്. ശബരീനാഥൻ എം.എൽ.എ. അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാനായി ഇന്ത്യൻ റെയിൽവേ 302 ട്രെയിനുകളാണ് ഇതുവരെ ഓടിച്ചത്. എന്നാൽ ഇവയിൽ ഒന്നുപോലും കേരളത്തിലേക്കെത്തിയില്ല. അതേസമയം നോർക്ക വെബ്സൈറ്റിൽ രണ്ട് ലക്ഷം മലയാളികൾ നാട്ടിലെത്താനായി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളുമെന്നും ശബരിനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.


കെ.എസ്. ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു. ഈ മാർഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേർ സ്വദേശങ്ങളിൽ എത്തി. (Updated)

ഇനി കേരളത്തിന്റെ കണക്ക് നോക്കാം:
i) നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്‌ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം

ii) ഇതിൽ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം.

ഇത്രയും ട്രെയിനുകൾ ഇന്ത്യയിൽ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും ട്രെയിനിൽ ഇങ്ങോട്ട് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?