sherylin-chopra

സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണ് കാസ്റ്റിംഗ് കൗച്ച്. 'അഡ്ജസ്റ്റ്മെന്റുകൾ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ഏർപ്പാട് ഇപ്പോൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇപ്പോഴും പൂർണമായും ഇല്ലാതായിട്ടില്ല. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് നടിമാർ തുറന്നുപറയാൻ ആരംഭിച്ചതോടെയാണ് കാസ്റ്റിംഗ് കൗച്ച് ഇരകളുടെ എണ്ണം കുറഞ്ഞുവന്നത്. ഇത്തരത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം തുറന്നുപറയുകയാണ് ബോളിവുഡ് നടി ഷെർലിൻ ചോപ്ര. 'മിഡ്‌നൈറ്റ് ഡിന്നർ' എന്ന പേരിൽ സംവിധായകർ തന്നെ അത്താഴത്തിന് ക്ഷണിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ അതിനു പിന്നിലെ യഥാർത്ഥ ഉദ്ദേശം ഏറെ വൈകിയാണ് തനിക്ക് മനസിലായതെന്നും ഷെർലിൻ തുറന്നുപറയുന്നു.

'എന്നിലെ കഴിവ് സംവിധായകർ അറിയണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഞാൻ ഇടയ്ക്കൊക്കെ സംവിധായകരെ കാണാൻ പോയത്.എപ്പോഴാണ് വരേണ്ടത് എന്ന് ചോദിക്കുമ്പോൾ രാത്രി 11, 12 മണിയെന്ന് പറയും. ആ സമയം എന്തിനാണെന്ന് ഞാൻ ആലോചിക്കുമായിരുന്നു. വളരെ വൈകിയാണ് ആ സമയത്ത് സംവിധായകർ പ്രൊഫഷണൽ ഡിന്നർ കളിക്കാനാവില്ലെന്ന് മനസിലായത്. അവർക്ക് ഡിന്നർ എന്നു പറഞ്ഞാൽ വഴങ്ങിക്കൊടുക്കലായിരുന്നു. നാലഞ്ചു പ്രാവശ്യം എനിക്കിതുണ്ടായപ്പോഴാണ് മനസിലായത് ഡിന്നറ്‍ എന്നാൽ മറ്റൊന്നാണെന്ന്'. താരം പറയുന്നു.

'ഡിന്നറി'ന് പിന്നിലെ യഥാർത്ഥ ഉദ്ദേശം തനിക്ക് മനസിലായതോടെ അതിനോട് നേരിട്ടുതന്നെ 'നോ' പറയാൻ പഠിച്ചുവെന്നും ഡിന്നർ കഴിക്കില്ലെന്ന് പറയാൻ തുടങ്ങിയെന്നും ഷെർലിൻ പറയുന്നു. ഡിന്നർ ഒരു കോഡ് വാക്ക് ആണെന്ന് തനിക്ക് മനസിലായി. പിന്നീട് ഈ കോഡുമായി വരുന്നവരോട് താൻ ഡയറ്റിലാണെന്നും അത്താഴത്തിന് പകരം പ്രാതലോ ഉച്ചഭക്ഷണമോ കഴിക്കാം എന്നും പറയാൻ തുടങ്ങി. ഏതായാലും ഇങ്ങനെ പറയാൻ തുടങ്ങിയതോടെ ഇക്കാര്യം പറഞ്ഞുകൊണ്ട് ആരും തന്നെ കാണാൻ വന്നിട്ടില്ലെന്നാണ് ഷെർലിൻ ചോപ്ര പറയുന്നത്.