ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന വാർത്ത തള്ളി ബ്രിട്ടന്റെ കൾച്ചർ-മീഡിയ-സ്പോർട്സ് സെക്രട്ടറി ഒലിവർ ഡൗഡെൻ. പ്രീമിയർ ലീഗിൽ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ ഇതുവരെ ആരും പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും എന്നാൽ ഈ സീസൺ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡൗഡെൻ വ്യക്തമാക്കി. നേരത്തെ ജൂൺ എട്ടിന് മത്സരം ആരംഭിക്കുമെന്നും അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ലീഗ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീമിയർ ലീഗ് ക്ലബുകൾ നാളെ യോഗം ചേരുന്നുണ്ട്. നിഷ്പക്ഷ വേദികളിൽ മാത്രം മത്സരം നടത്താമെന്നും സ്റ്റേഡിയത്തിന് അടുത്തേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നതിൽ മുൻകരുതൽ എടുക്കാമെന്നുമാണ് ക്ലബ്ബുകൾ കരുതുന്നത്. എന്നാൽ ഇപിഎൽ ക്ലബ്ബ് ബ്രൈട്ടണിന്റെ ചീഫ് എക്സിക്യൂട്ടീവ് പോൾ ബാർബർ നിഷ്പക്ഷ വേദികളിൽ മത്സരം നടത്തുന്നതിൽ തന്റെ എതിർപ്പ് വ്യക്തമാക്കി. ബ്രൈട്ടണിന്റെ ശേഷിക്കുന്ന ഒമ്പത് മത്സരങ്ങളിൽ അഞ്ചും ഹോം ഗ്രൗണ്ടിലാണ് നടക്കേണ്ടത്. നിലവിൽ ലീഗിൽ 15-ാം സ്ഥാനത്താണ് ബ്രൈട്ടൺ.
നേരത്തെ ഇ.പി.എല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയാകാമെന്ന് ആസ്ട്രേലിയ അറിയിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് പ്രതിനിധികൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.
92 മത്സരങ്ങളാണ് ഇനി ലീഗിൽ കളിക്കാനുള്ളത്.
29 മത്സരങ്ങൾ പൂർത്തിയായപ്പോൾ 82 പോയിന്റുമായി ലിവർപൂൾ ബഹുദൂരം മുന്നിലാണ്.
28 മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ സിറ്റി 57 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
53 പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്.
ചെൽസി നാലാം സ്ഥാനത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതും ആഴ്സനൽ ഒമ്പതാം സ്ഥാനത്തുമാണ്.