ന്യൂഡൽഹി: ഡൽഹി നിസാമുദീനിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നില്ലായിരുന്നെങ്കിൽ രാജ്യത്ത് മൂന്നാം ലോക്ക്ഡൗൺ ആവശ്യമായി വരില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. തബ്ലീഗ് ജമാഅത്ത് പ്രവർത്തകരാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് പരത്തിയതെന്നും അദ്ദേഹം പ്രസ്താവിച്ചു. എന്നാൽ അവരുടെ ശ്രദ്ധക്കുറവിന് എല്ലാ മുസ്ലിംകളെയും ശിക്ഷിക്കരുതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തബ്ലീഗ് പ്രവർത്തകരുടെ അശ്രദ്ധ ഉണ്ടായിരുന്നില്ലായിരുന്നെങ്കിൽ മൂന്നാം ലോക്ക്ഡൗൺ ആവശ്യമായി വരുമായിരുന്നില്ല. ഒരു സംഘടനയുടെ തെറ്റ് മൂലം രാജ്യമാകെ രോഗം പടരില്ലായിരുന്നെന്നും നഖ്വി പറയുന്നു. നിസാമുദ്ദീൻ സമ്മേളനം ഉപയോഗിച്ച് രാജ്യത്ത് ഇസ്ലാം വിരുദ്ധത പടർത്താൻ ശ്രമം നടന്നെന്ന ആരോപണത്തേയും നഖ്വി നിഷേധിക്കുകയാണ് ഉണ്ടായത്.
ഇത്തരത്തിലുള്ള ആരോപണം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിൽ പെട്ടവർക്കെതിരെ രാജ്യത്താകമാനം, സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.