തിരുവനന്തപുരം: ഞായറാഴ്ച ദിവസങ്ങളിൽ നടപ്പാക്കുന്ന സമ്പൂർണ ലോക്ക് ഡൗണിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതൽ 10 മണി വരെ അടച്ചിടുമെന്ന് ഉത്തരവിൽ പറയുന്നു. ആളുകൾക്ക് നടക്കാനും സൈക്കിൾ ഉപയോഗിക്കാനും അനുമതിയുണ്ടാവും എന്നാൽ വാഹനങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ആരോഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു.
പാൽ,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗൺ ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവും. രാവിലെ എട്ട് മുതൽ രാത്രി 9 വരെ ഹോട്ടലുകൾക്ക് പാർസൽ സർവീസ് നൽകാനായി തുറന്ന് പ്രവർത്തിക്കാം. രാത്രി പത്ത് മണിവരെ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഫുഡ് ഡെലിവറിക്കും അനുമതിയുണ്ടാവും.
ചരക്കു വാഹനങ്ങളുടെ നീക്കത്തിന് ഇളവുകളുണ്ടാവും. മാലിന്യനിർമാർജനം, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും ലോക്ക് ഡൗൺ ഇളവ് ബാധകമാണ്.