കൊച്ചി: കുവൈറ്റ്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുമായി എയർ ഇന്ത്യ വിമാനങ്ങൾ കൊച്ചിയിലെത്തി. കുവൈറ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.26നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗർഭിണികൾ, രോഗികൾ, വീസാ കാലാവധി തീർന്നവർ തുടങ്ങിയവരാണ് വിമാനത്തിലുള്ളത്. നാലുകുട്ടികളും ഇവരിൽപ്പെടുന്നു.
മസ്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ IX 442 വിമാനം രാത്രി 10.00നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. 48 ഗർഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 77 പേർ ചികിത്സാ ആവശ്യാർത്ഥം നാട്ടിലേക്കു മടങ്ങുന്നവരുമാണ്. 22 തൊഴിലാളികളും സന്ദർശന വിസയിൽ എത്തി ഒമാനിൽ കുടുങ്ങിയ 30 പേരുമാണ് മറ്റു യാത്രക്കാർ