പാലാ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകളിലെ റിംഗ് ടോണുകൾക്ക് പകരം ''നോവല്‍ കൊറോണ വൈറസ് രോഗം പടരാതെ തടയാനാകും...'' എന്ന സന്ദേശമാണ് കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ ഇപ്പോൾ കൊവിഡ് രോഗികൾക്കെതിരെ വിവേചനം പാടില്ലെന്ന സന്ദേശവും. ശുദ്ധമലയാളത്തിൽ കേൾക്കുന്ന ഈ ശബ്ദം എല്ലാ മലയാളികൾക്കും ചിരപരിചിതമായിക്കഴിഞ്ഞു. വോയ്സ് ഓവർ ആർട്ടിസ്റ്റായ ടിന്റുമോൾ ജോസഫ് എന്ന പാലാക്കാരിയുടേതാണ് ഈ ശബ്ദം.
24 വർഷമായി ടിന്റുമോളുടെ കുടുംബം കർണാടകയിലെ സുള്ള്യയിലാണ് താമസം. പാലാ മുണ്ടാക്കൽ തറപ്പേൽ ടി.വി. ജോസഫിന്റെയും മരങ്ങാട്ടുപിള്ളി പൂവത്തിങ്കൽ ആലീസിന്റെയും മകളാണ് ടിന്റുമോൾ റബർ കർഷക തൊഴിലാളികളായ മാതാപിതാക്കൾ ചെറുപ്പത്തിൽതന്നെ കർണാടകയിലേക്ക് കുടിയേറി. സുള്ള്യയിൽ തന്നെയായിരുന്നു സ്കൂൾപഠനം. അതിനാൽ കന്നടയിലും പ്രാവീണ്യം നേടി. 2011ൽ ജെ.എൻ.യുവിൽ ചേർന്നു. പഠന ശേഷം പ നാടകം, നൃത്തം എന്നിവ അഭ്യസിച്ചു. ഇതിനിടെയാണ് പരസ്യരംഗത്ത് എത്തിയത്. മത്സരപ്പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾക്കിടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ദൂരദർശനിലെ പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജനയുടെ പരിപാടിക്കാണ് ആദ്യം ശബ്ദം നല്‍കിയത്. ഒട്ടേറെ പരസ്യങ്ങളും സർക്കാര്‍ അറിയിപ്പുകളും മലയാളത്തിലേക്കും കന്നടയിലേക്കും മൊഴിമാറ്റം ചെയ്ത് ശബ്ദം നല്കി.
ടി.വി, റേഡിയോ പരസ്യങ്ങളിലൂടെ പരിചിത ശബ്ദമാണെങ്കിലും കൊറോണ ബോധവത്കരണ പരസ്യശബ്ദമാണ് ശ്രോതാക്കളെ ഏറെ ആകർഷിച്ചത്. ആദ്യശബ്ദം നല്‍കിയത് മാർച്ചിലാണ്. മൂന്നാഴ്ചക്കുശേഷം അതിൽ മാറ്റംവരുത്തി. കോവിഡ്രോഗികളോട് വിവേചനം പാടില്ലെന്ന മൂന്നാമത്തെ സന്ദേശമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഗൂഗിൾ ആപ്പിലൂടെയുള്ള കൊവിഡ്പരിശോധനയുടെ മലയാള ചോദ്യാവലിയും ടിന്റുമോളുടെ ശബ്ദത്തിലാണ്.