നാട്ടിൻപുറങ്ങളിൽ തഴച്ചു വളരുന്ന ഇലക്കറിയാണ് സാമ്പാർചീര. വാട്ടർലീഫ്, പരിപ്പുചീര എന്നും പേരുണ്ട്. പലർക്കും ഇതിന്റെ ഔഷധമൂല്യം അറിയുമോ എന്ന് സംശയമാണ്. എന്നാൽ ഗുണം അറിയുന്നവർ ഉപേക്ഷിക്കാത്ത ഇലവർഗമാണിത്. വിറ്റാമിൻ 'എ' ധാരാളമായി സാമ്പാർ ചീരയിൽ അടങ്ങിയിട്ടുണ്ട്. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുടെ കലവറയുമാണ്.
മീസിൽസ് മുതൽ പ്രമേഹം വരെയുള്ള രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുണ്ട്. കാൽസ്യം ധാരാളമുള്ളതിനാൽ കുട്ടികൾക്ക് നൽകുക, എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം ഉറപ്പാക്കാനാണിത്.
ഇരുമ്പ് ഏറെയുള്ളതിനാൽ വിളർച്ചയ്ക്ക് പരിഹാരമാണ്. അതിനാൽ സ്ത്രീകളും പെൺകുട്ടികളും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഇലക്കറിയാണിത്. സൂപ്പ്, തോരൻ, പരിപ്പ് ചേർത്ത്, ഉള്ളിയും തക്കാളിയും ചേർത്ത് എന്നിങ്ങനെ പലതരം വിഭവങ്ങൾ തയാറാക്കാം. സാമ്പാറിന് കൊഴുപ്പ് കൂട്ടാനാണ് പലരും ഈ ചീര ഉപയോഗിക്കുന്നത്. അങ്ങനെയാണ് സാമ്പാർ ചീര എന്ന പേര് വന്നത്.