ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ നരസിങ്പുരില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
ഹൈദരാബാദിൽ നിന്നും മാങ്ങ കയറ്റിവരികയായിരുന്ന ട്രക്കിലായിരുന്നു 20 പേര്‍ അടങ്ങുന്ന സംഘത്തിന്റെ യാത്ര. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍ വച്ച് ട്രക്ക് മറിയുകയായിരുന്നു.
മഹാരാഷ്ട്രയിൽ 16 അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടിമരിച്ച് രണ്ടു ദിവസം കഴിയവെയാണ് മറ്റൊരപകടം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഇവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയില്‍ വിശ്രമിക്കാനായി ഔറംഗാബാദിലെ കര്‍മാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളായിരുന്നു മരിച്ചത്.