imrank-khan-ajith-dovel

ശ്രീനഗർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ സംബന്ധിച്ച് പൂർണ്ണമായ അവലോകനം നടത്തി. കാശ്മീർ താ‌‌ഴ്‌വരയിലെ പാകിസ്ഥാനുമായുള്ള നിയന്ത്രണ രേഖയിൽ സുരക്ഷ കർശനമാക്കാൻ ഉന്നത സൈനിക മേധാവികളോടും അർദ്ധസൈനിക വിഭാഗങ്ങളോടും ഇന്നലെ നടത്തിയ അവലോകന യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാൻ സർക്കാർ പിന്തുണയ്ക്കുന്ന തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് മുന്നോടിയായുള്ള നടപടിയാണിതെന്ന് റിപ്പോർട്ടുണ്ട്. കേണൽ റാങ്ക് ഓഫീസർ ഉൾപ്പെടെ ആറ് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് ഡോവൽ അവലോകന യോഗം നടത്തി സുരക്ഷ വർദ്ധിപ്പിച്ചത്. മെയ് 11 ന് സൈനിക- അർദ്ധസൈനിക താവളങ്ങളിൽ ഒരേസമയം ചാവേർ ആക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് ഇ മുഹമ്മദിന്റെ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ് ഉണ്ട്. കൂടാതെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.

പുതുതായി സൃഷ്ടിച്ച സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് അല്ലെങ്കിൽ ജെ.കെ.പിർ പഞ്ജൽ പീസ് ഫോറം കാശ്മീർ താഴ്‌വരയിലെ ഭീകരത തദ്ദേശീയമാണെന്നും പാകിസ്ഥാൻ സ്‌പോൺസർ ചെയ്തിട്ടില്ലെന്നും വരുത്തിതീർക്കാൻ ശ്രമിക്കുന്നതായി യോഗം വിലയിരുത്തി. ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ കുമാർ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ചീഫ് സമന്ത് കുമാർ ഗോയൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടർ ജനറൽ എസ്.എസ്. ദേശ്വാൽ,ജനറൽ റിസർവ് പൊലീസ് ഫോഴ്സ് ചീഫ് എ.കെ മഹേശ്വരി എന്നിങ്ങനെ ഉയർന്ന ഉദ്യോഗസ്ഥരാണ് അഞ്ച് മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പങ്കെടുത്തത്.

പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ ഉപയോഗിച്ചിരുന്ന നുഴഞ്ഞുകയറ്റ പാതകളെക്കുറിച്ച് ഡോവലിന്റെ നേതൃത്വത്തിലുള്ള യോഗം വിശാലമായി വിശകലനം ചെയ്തതായും, തീവ്രവാദികളെ തുരത്തുന്നതിനാവശ്യമായ നടപടികൾ അദ്ദേഹം നിർദേശിച്ചതായും മുതിർന്ന ഉദ്യോഗർ പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.


'പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ നിയമ ലംഘനങ്ങൾ നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്'-' മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ജയ്ഷ് മുതൽ ലഷ്‌കർ ഇതായ്ബ വരെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള വിവിധ ഭീകരസംഘടനകളിൽ പ്രവർ‌ത്തിക്കുന്ന 400 ലധികം തീവ്രവാദികൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുമെന്ന് സുരക്ഷാ സേനയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.